• 20 September 2025
  • Home
  • About us
  • News
  • Contact us

കള്ളപ്പണത്തിനെതിരായ നരേന്ദ്ര മോദി

  •  
  •  23/11/2016
  •  


ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കിയ നടപടി പാവപ്പെട്ടവരെ സഹായിക്കാനാണെന്നും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ ഈ നടപടി സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ് ഇന്നലെ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞത്. ഗോവയിലെപ്പോലെ തന്നെ വികാരാധീനനായാണ് മോദി ഇന്നലെ എംപിമാരോടും സംസാരിച്ചത്. നോട്ട് നിരോധനം സംബന്ധിച്ചു പ്രതിപക്ഷം തെറ്റായ വിവരങ്ങളാണു പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ പ്രചാരണങ്ങൾ മറികടക്കാൻ പൊതുജനങ്ങൾക്ക് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരിക്കണമെന്നും മോദി പാർട്ടി എംപിമാരോട് ആവശ്യപ്പെട്ടു.കള്ളപ്പണം കൊണ്ട് ഏറെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരും ഇടത്തരക്കാരുമാണ്. കള്ളപ്പണവും അഴിമതിയും വ്യാജ നോട്ടുകളും തുടച്ചു നീക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. നോട്ടുകൾ അസാധുവാക്കിയ നടപടിയെ പിന്തുണച്ചു കൊണ്ട് ബിജെപി എംപിമാർ യോഗത്തിൽ ഐകണ്ഠ്യേന പ്രമേയം പാസാക്കി. നടപടിയെ എതിർക്കുന്ന പ്രതിപക്ഷം രാജ്യത്തെ ജനങ്ങൾക്കും സർക്കാരിനുമൊപ്പമാണോ അതോ കള്ളപ്പണക്കാർക്കൊപ്പമാണോ എന്നു വ്യക്‌തമാക്കണമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആണ് പ്രമേയം അവതരിപ്പിച്ചത്. നോട്ട് നിരോധനത്തിൽ മോദിക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് യോഗം പ്രമേയം പാസാക്കി. നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ കുരിശുയുദ്ധമാണെന്നു പറയുന്ന പ്രമേയം പ്രതിപക്ഷം പാർലമെന്റിൽ പ്രകോപനം സൃഷ്‌ടിക്കുകയാണെന്നു കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കിയതു സംബന്ധിച്ചു പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയാറണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി യോഗത്തിൽ വ്യക്‌തമാക്കി. നോട്ടുകൾ അസാധുവാക്കിയ തീരുമാനം വളരെ വലുതാണ്. അതിനു പ്രത്യേകമായ ധൈര്യം വേണം. കഴിഞ്ഞ 70 വർഷമായി രാജ്യം ഒരേ രീതിയിൽ തുടർന്നു വരികയായിരുന്നു. എന്നാൽ, അതിന് പുതിയൊരു മാറ്റമാണ് മോദി തന്റെ പ്രഖ്യാപനത്തിലൂടെ വരുത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ളവർ അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്തുണ നൽകുന്നു. ചരിത്രപരമായ ഒരു നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ജയ്റ്റ്ലി വ്യക്‌തമാക്കി. കേന്ദ്രസർക്കാരിനും ജനങ്ങൾക്കുമൊപ്പമാണോ അതോ കള്ളപ്പണക്കാർക്കൊപ്പമാണോ നിൽക്കേണ്ടതെന്നു പ്രതിപക്ഷം തീരുമാനിക്കണമെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നടപടി രാജ്യത്തിനും ജനങ്ങൾക്കും ഗുണം ചെയ്യുമെന്ന് മന്ത്രി അനന്ദ് കുമാർ പറഞ്ഞു. സർക്കാർ നടപടി എങ്ങനെ സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്നതു സംബന്ധിച്ചു ധനമന്ത്രി അരുൺ ജയ്റ്റ്ലി ബിജെപി എംപിമാർക്ക് വിശദീകരിച്ചു. നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് മോദിയും മന്ത്രിമാരും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലെത്തി പ്രസ്താവന നടത്തിയത്. രാജ്യത്തെ പിടിച്ചുലയ്ക്കുന്ന തീരുമാനമെടുത്തതിൽ മോദി രാജ്യസഭയിൽ നേരിട്ടെത്തി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar