നിരവധി വീടുകളുള്ള പ്രദേശത്തായി കള്ളുഷാപ്പ്; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
- 21/05/2017

കാഞ്ഞിരത്താണി ടൗണിനോടു ചേർന്നു ജനവാസകേന്ദ്രത്തിൽ കള്ളുഷാപ്പ് ആരംഭിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പഴയ പോസ്റ്റോഫീസിന്റെ പടിഞ്ഞാറുഭാഗത്ത് നിരവധി വീടുകളുള്ള പ്രദേശത്താണ് കഴിഞ്ഞ ദിവസം കള്ളുഷാപ്പ് തുടങ്ങിയത്. പോസ്റ്റോഫീസിന്റെ കിഴക്കു ഭാഗത്തു പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് സ്ഥലമുടമ ഒഴിപ്പിച്ചതിനെ തുടർന്നാണ് മാറ്റിയത്. സ്വകാര്യവ്യക്തിയുടെ പറന്പിൽ നടവഴിയോടു ചേർന്നാണു ഇരുന്പു ഷീറ്റു കൊണ്ടു ഷെഡ് പണിതത്. ഇതിനു കെട്ടിടനന്പർ ഇല്ല. വീതിയില്ലാത്ത വഴിയായതിനാൽ 50 മീറ്റർ മാറി വീടുകളിലേക്കുള്ള വഴിയിൽ വാഹനം പാർക്ക് ചെയ്താണു കള്ള് ഇറക്കുന്നത്. ഇതുമൂലം ഏറെനേരം റോഡിൽ ഗതാഗതം തടസപ്പെടുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന വഴിയുടെ സമീപത്ത് കള്ളുഷാപ്പ് ആരംഭിച്ചതോടെ നാട്ടുകാർ വലിയ ആശങ്കയിലാണ്. കാഞ്ഞിരത്താണി സെന്ററിലുള്ള മസ്ജിദിന്റെ 400 മീറ്റർ പരിധിക്കുള്ളിൽ കള്ളുഷാപ്പ് സ്ഥാപിച്ചത് അബ്കാരി നിയമത്തിന്റെ ലംഘനമാണ്. ചങ്ങരംകുളം പൗരസമിതിയുടെയും വട്ടംകുളംകുറ്റിപ്പാല ബീവറേജ് വിരുദ്ധ സമരസമിതിയുടെയും സഹകരണത്തോടെ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. ഇരു സംഘടനകളുടെയും നേതാക്കളായ മുജീബ് കോക്കൂർ, കെ.സി അലി, മഹേഷ് വട്ടംകുളം, ഷിഹാസ്, പി.പി ഫസൽ എന്നിവർ സ്ഥലം സന്ദർശിച്ചു.