കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിലവിൽ വരും: മുഖ്യമന്ത്രി
- 21/05/2017

റാന്നി: സിവിൽ സർവീസിനെ ഏറ്റവും കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റാന്നി മിനി സിവിൽസ്റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്തു കാലതാമസമില്ലാതെ കെഎഎസ് രൂപം കൊള്ളും. കെഎഎസ് നടപ്പാക്കുന്നതിന് ജീവനക്കാരുടെ നല്ല സഹകരണം ഉണ്ട ാകണം. സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് കെഎഎസ് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നാടിന്റെ വികസനം യാഥാർഥ്യമാക്കുന്നതിന് സർക്കാരും ഉദ്യോഗസ്ഥരും കൈകോർക്കണം. സർക്കാർ ജീവനക്കാർ നാടിന്റെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. തിരുവനന്തപുരം നഗരത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജലവിഭവ മന്ത്രി മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. നിയമവിധേയമായി കാര്യങ്ങൾ ചെയ്യാൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും ശ്രദ്ധിക്കണം. ആവശ്യമായ തീരുമാനങ്ങൾ യഥാസമയം എടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം. സർക്കാർ ഓഫീസുകളിൽ എത്തുന്ന ജനങ്ങളോട് ഏറ്റവും നല്ലരീതിയിൽ പെരുമാറുകയും കാര്യങ്ങൾ കൃത്യമായി പറഞ്ഞു നൽകുകയും ചെയ്യണം. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല പ്രവർത്തനം നടത്തുന്നവരാണ്. എന്നാൽ ചുരുക്കം ചിലരുടെ തെറ്റായ പെരുമാറ്റം സിവിൽ സർവീസിന് ചീത്തപ്പേരുണ്ടാക്കുന്നുണ്ട്.കാര്യക്ഷമതയും സുതാര്യതയും വർധിപ്പിച്ച് ജനങ്ങൾക്ക് മികച്ച സേവനം എത്രയും വേഗം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇ ഗവേണൻസും ഇ ടെൻഡറും ഫലപ്രദമായി നടപ്പാക്കും. സംതൃപ്തമായ സിവിൽ സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ ഭാഗത്ത് നിലകൊണ്ട ാണ് സർക്കാർ ഭരണപരിഷ്കരണം നടപ്പാക്കുന്നത്. ജീവനക്കാർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കും. എന്നാൽ വഴിവിട്ട നടപടികൾക്ക് സർക്കാർ ഒരു വിധത്തിലുള്ള പരിരക്ഷയും നൽകില്ല. സർക്കാർ സർവീസ് പൊതുജനസേവനമാണെന്ന ധാരണ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. മതനിരപേക്ഷ, അഴിമതി മുക്ത വികസിത കേരളമെന്നതാണ് സർക്കാരിന്റെ സങ്കല്പം. അഴിമതി രഹിത കേരളത്തിലേക്ക് നാം അതിവേഗം മുന്നേറുകയാണ്. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ അടുത്തിടെ ഒരു പഠനത്തിൽ കണ്ടെ ത്തിയത് അഭിമാനകരമാണ്. അഴിമതി പൂർണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിതലത്തിൽ ഏറെ അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാരിന് അഴിമതിയിൽ നിന്ന് മുക്തിനേടാൻ കഴിഞ്ഞു. അഴിമതി മുക്തമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ഉദ്ഘാടനവും താക്കോൽ കൈമാറ്റവും മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.