അന്തർസംസ്ഥാന നദീജല തർക്കപരിഹാര കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം: മുഖ്യമന്ത്രി
- 19/05/2017

തിരുവനന്തപുരം: അന്തർസംസ്ഥാന നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ നിയമവകുപ്പിന്റെ കീഴിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നദീജല കേസുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ സാങ്കേതിക വിദഗ്ധരുടെ പിന്തുണ ഉറപ്പാക്കുമെന്നും അടിയന്തരപ്രമേയ അവതരണ നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു. കാവേരി സെൽ അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തിൽ നിഗൂഢതയുണ്ടെന്ന് ആരോപിച്ചു പ്രതിപക്ഷവും കേരള കോണ്ഗ്രസും ബിജെപിയും നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി. ബദൽ സംവിധാനത്തിനുള്ള ക്രമീകരണം ഉറപ്പാക്കിയാണു ന്യൂഡൽഹി കേരള ഹൗസിലെ കാവേരി സെൽ പൂട്ടിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. ബാഹ്യപ്രേരണയ്ക്കു വഴങ്ങുന്ന സർക്കാരല്ല സംസ്ഥാനത്തുള്ളത്. നിലവിലുള്ള സെൽ കാര്യക്ഷമമല്ല. നിയവകുപ്പിനു കീഴിൽ പ്രത്യേക സംവിധാനം നദീജല തർക്കങ്ങൾ കൈകാര്യം ചെയ്യാനായി പ്രവർത്തിക്കും. നോഡൽ ഓഫീസറെ ഇതിനായി നിയോഗിക്കും. കൂടാതെ ഈ വിഷയത്തിൽ വൈദഗ്ധ്യമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനവും ഉപയോഗിക്കും. പ്രവർത്തനം മികച്ച രീതിയിൽ നടത്താനാണു സെൽ പിരിച്ചുവിട്ടു വേറെ സംവിധാനം ഏർപ്പെടുത്തുന്നത്. ഈ സെൽ ഉള്ളപ്പോൾ തന്നെയാണല്ലോ പല വിധികളും എതിരായതെന്നും മുഖ്യമന്ത്രി ചോദിച്ചു. കാവേരി, മുല്ലപ്പെരിയാർ, പറമ്പിക്കുളം- ആളിയാർ തുടങ്ങി പ്രധാനപ്പെട്ട നാലു കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് സെൽ പൂട്ടുന്നതെന്ന്അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. പറമ്പിക്കുളം- ആളിയാർ കരാർ പുനഃപരിശോധിക്കുന്നതിനുള്ള കാലാവധിയെത്തി. ഈ പ്രവർത്തനങ്ങൾ ഡൽഹിയിൽ ഏകോപിപ്പിക്കുന്ന സെൽ പൂട്ടുന്നതിന് പിന്നിൽ ബാഹ്യ പ്രേരണയുണ്ടോയെന്ന വ്യക്തമാക്കണം. ഇതിൽ ദുരൂഹതയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. സെൽ പൂട്ടുന്നതാണ് ഉചിതമെന്ന ഉപദേശം സർക്കാരിന് എവിടെ നിന്നാണു ലഭിച്ചതെന്ന വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ വിരമിച്ച ഉദ്യോഗസ്ഥരെപ്പോലും ഉൾക്കൊള്ളിച്ച് നദീജല തർക്കങ്ങൾക്കുള്ള സെൽ നിലനിർത്തുമ്പോഴാണ് കേരളം അതു പിരിച്ചുവിടുന്നത്. സെൽ പിരിച്ചുവിടുന്നതിനെക്കുറിച്ച് പല പ്രചാരണവും പുറത്തുനടക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.