ലഹരിവസ്തുക്കളുടെ ഉപഭോക്താക്കൾ കേരളത്തിൽ നാലിരട്ടിയായി:: ഋഷിരാജ് സിംഗ്
- 19/05/2017

കണ്ണൂർ: ദേശീയപാതയോരത്തുള്ള മദ്യഷാപ്പുകൾ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയെ തുടർന്നു സംസ്ഥാനത്തെ മദ്യം ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങളുടെ ഉപഭോഗം നാലിരട്ടിയായി വർധിച്ചതായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവൻ എക്സൈസ് ചെക്ക്പോസ്റ്റുകളിലും അദ്ദേഹം സന്ദർശനം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി എക്സൈസ് ഓഫീസുകളിലും പരിശോധന നടത്തി. സുപ്രീംകോടതി വിധിയെത്തുടർന്ന് രണ്ടായിരം മദ്യഷാപ്പുകൾ സംസ്ഥാനത്ത് അടച്ചുപൂട്ടി. ഇതിലൂടെ 40,000 പേർക്കു തൊഴിൽ നഷ്ടപ്പെട്ടു. പത്തുമാസത്തിനകം 1,200 കള്ളുഷാപ്പുകൾ അടച്ചുപൂട്ടി. 600 ബിയർ പാർലറുകളും 19 ഫൈവ് സ്റ്റാർ ഹോട്ടലുകളും പൂട്ടി. കള്ളുഷാപ്പുകൾ പൂട്ടിയതോടെ 10,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇവരെ നിലവിലുള്ള കള്ളുഷാപ്പുകളിൽ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് 200 രൂപയാണ് പിഴ ഈടാക്കുന്നത്. ഇതുപ്രകാരം 11 കോടി രൂപ പിഴയായി ഈടാക്കിയതായി എക്സൈസ് കമ്മീഷണർ പറഞ്ഞു. 2016 ജൂൺ മുതൽ ഏപ്രിൽ വരെ പത്തു മാസത്തിനുള്ളിൽ സംസ്ഥാനത്ത് 865 കിലോഗ്രാം കഞ്ചാവ് പിടികൂടി. 1,37,000 അബ്കാരി റെയ്ഡുകൾ നടത്തി. 25,500 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അബ്കാരി കേസുകളിലായി 23,490 പേർ ജയിലിൽ പോകേണ്ടതായിവന്നു. കഞ്ചാവ്, ബ്രൗൺഷുഗർ തുടങ്ങിയവയിൽ 3,908 കേസുകളും രജിസ്റ്റർ ചെയ്തു. 300 ടൺ പാൻപരാഗ് പിടികൂടി നശിപ്പിച്ചു.11,000 ലിറ്റർ വ്യാജചാരായം, നാലായിരം ലിറ്റർ ചാരായം, 38,000 ലിറ്റർ വിദേശമദ്യം, 20,000 ലിറ്റർ അരിഷ്ടം, 6,000 ലിറ്റർ ബിയർ, 1,82,000 ലിറ്റർ വാഷ് എന്നിവയും പിടിച്ചെടുത്തു. എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ് കണ്ണൂർ: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിംഗ്. നിലവിൽ വയനാട്, തൃശൂർ, പാല ക്കാട് ജില്ലകളിലാണ് ടവറുള്ളത്. കൊല്ലത്ത് ടവറിന്റെ നടപടി പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമാൻഡന്റ് ഓഫിസ്, നാർകോട്ടിക് സെൽ, സിഐ ഓഫിസ് തു ടങ്ങിയ അഞ്ചോളം ഓഫിസുകൾ ഉൾക്കൊള്ളുന്നതാവും ടവർ.