• 21 September 2025
  • Home
  • About us
  • News
  • Contact us

നോട്ടുകൾ അസാധുവാക്കിയതു ക്രിമിനൽ നടപടി: ഉമ്മൻ ചാണ്ടി

  •  
  •  23/11/2016
  •  


തിരുവനന്തപുരം: രാജ്യത്ത് 1000 രൂപ, 500 രൂപ നോട്ടുകൾ അസാധുവാക്കിയതു ക്രിമിനൽ കുറ്റകൃത്യമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സഹകരണ ബാങ്ക് പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ മൊത്തം കറൻസിയുടെ 86.4 ശതമാനം മൂല്യമുണ്ടായിരുന്ന 1000 രൂപ, 500 രൂപ നോട്ടുകൾ പിൻവലിച്ചതു വഴി രാജ്യത്തെ സാമ്പത്തിക സ്‌ഥിതിയാണു തകർത്തത്. ബാക്കി 13.6 ശതമാനം മൂല്യമുള്ള നോട്ടുകൾ മാത്രമാണു വിപണിയിലുണ്ടായിരുന്നത്. ജനങ്ങളെ സാമ്പത്തികമായി ബന്ദിയാക്കുന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. 1978ൽ ഓർഡിനൻസ് കൊണ്ടുവന്നാണു കറൻസി പിൻവലിച്ചത്. പിന്നീടിതു നിയമമാക്കി. ഇത്തവണ വെറുമൊരു വിജ്‌ഞാപനം വഴിയാണു കറൻസി പിൻവലിച്ചത്. മന്ത്രിമാരെ ബന്ദിയാക്കിയായിരുന്നു പ്രഖ്യാപനം. രാജ്യത്തെ രണ്ടു ലക്ഷം എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ആറു മാസമെങ്കിലും എടുക്കും. പേടിഎം എന്ന കമ്പനിക്കാണു നോട്ട് പിൻവലിച്ചതിന്റെ പ്രയോജനം ലഭിച്ചത്. സഹകരണ പ്രശ്നത്തിൽ സംസ്‌ഥാന സർക്കാരിന്റെ ഏതു നടപടിക്കൊപ്പവും പ്രതിപക്ഷവും പങ്കുചേരുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.സഹകരണ സംഘങ്ങളെ തകർക്കാൻ ആരു ശ്രമിച്ചാലും കേരളം ഒറ്റക്കെട്ടായിനിന്നു സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വൈദ്യനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിന്റെ കണക്കുതീർക്കാനാണു റിസർവ് ബാങ്ക് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതു സാമ്പത്തിക ഫാസിസമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രമന്ത്രിമാരെപ്പോലും ബന്ദികളാക്കിയാണ് മോദി തീരുമാനമെടുത്തത്. പത്തു മിനിറ്റു മാത്രം ചേർന്നാണു മന്ത്രിസഭ തീരുമാനമെടുത്തത്. ഏകാധിപതിയുടെ അരാജകത്വഭരണമാണ് അരങ്ങേറുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സഹകരണ മേഖലയുടെ സംരക്ഷണത്തിനായി സംസ്‌ഥാന സർക്കാരിനൊപ്പം ഏതറ്റം വരെയും സമരം വേണമെങ്കിൽ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നു മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഏകാധിപത്യപരമായ നിലപാടിനെതിരേ മതേതര കക്ഷികളുടെ അനിതര സാധാരണമായ യോജിപ്പു കേരളത്തിലും ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. ഇതു നല്ല സൂചനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശരിക്കുള്ള കള്ളപ്പണക്കാരിൽനിന്നു നാലു പേരെ പിടികൂടാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞില്ലെന്നു വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. നിരവധി ബാങ്കുകളെ പറ്റിച്ച് ചിലരൊക്കെ രാജ്യം വിടുമ്പോൾ സഹകരണ ബാങ്കുകളെ പറ്റിച്ച് ഒരാൾ പോലും രാജ്യം വിടുന്നില്ല. ജനത്തിനുമേൽ തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടത്. നോട്ട് പിൻവലിച്ചു ബിജെപി തനിനിറം കാട്ടിയിരിക്കുകയാണ്. നോട്ട് പിൻവലിക്കൽ ബിജെപിയുടെ തെരഞ്ഞെടുപ്പു തന്ത്രമാണ്. രാജ്യത്ത് യുദ്ധാന്തരീക്ഷം സൃഷ്‌ടിക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം. അതു പരാജയപ്പെട്ടപ്പോഴാണു നോട്ട് അസാധുവാക്കലുമായി എത്തിയതെന്നും വി.എസ് ആരോപിച്ചു. സഹകരണ മേഖലയെ തകർക്കാനുള്ള നിഗൂഢമായ ശക്‌തികൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നു കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി ആരോപിച്ചു. സഹകരണ മേഖല ദുർബലപ്പെടുന്നതോടെ കൊള്ളപ്പലിശക്കാരുടെ കേന്ദ്രമായി കേരളം മാറും. കെവൈസി നടപ്പാക്കാൻ സഹകരണ മേഖലയ്ക്കു സമയം കൊടുക്കണമായിരുന്നുവെന്നും മാണി പറഞ്ഞു. സഹകരണ ബാങ്കുകളുടെ നിക്ഷേപങ്ങളിൽ 80 ശതമാനം തുക വായ്പകളായി ഇവിടെ തന്നെ വിതരണം ചെയ്യുകയാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. വൻകിട മുതലാളിമാരേയും സമ്പന്നരേയും സഹായിക്കുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറിയെന്നു പി.സി. ജോർജ് ആരോപിച്ചു.എം.കെ. മുനീർ, മുല്ലക്കര രത്നാകരൻ, കെ. കൃഷ്ണൻകുട്ടി, എസ്. ശർമ, സി. ദിവാകരൻ, കെ. സുരേഷ്കുറുപ്പ്, ടി.വി. രാജേഷ് എന്നിവരും പ്രസംഗിച്ചു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar