ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്നൊരു മണിക്ക്യം :ഡോക്ടറാകണമെന്ന മോഹം പൂവണിയുമോ
- 17/05/2017

പോത്തന്‍കോട്: ജീവിതത്തിലെ കഷ്ടപ്പാടുകളെ തോല്‍പ്പിച്ച് പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി തുണ്ടത്തില്‍ മാധവ വിലാസം ഹയര്‍സെക്കൻഡറി സ്കൂളിലെ വൈഷ്ണവി എന്ന കൊച്ചു മിടുക്കി. അടച്ചുറപ്പുള്ള ഒരു വീടു പോലും ഇല്ലാതെ കഴിയുന്ന ഈ മിടുക്കിയുടെ വിജയം ജീവിത പ്രാരാബ്ദങ്ങളെ വെല്ലുവിളിച്ചായിരുന്നു. കാട്ടായിക്കോണം ശാസ്തവട്ടം പുതുവല്‍ പുത്തന്‍വീട്ടിലെ വൈഷ്ണവിയാണ് വെല്ലുവിളികളെ നേരിട്ട് വിജയം നേടിയത്. വൈഷണവിയുടെ ഡോക്ടര്‍ ആകണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കാന്‍ പ്രയത്നിച്ച അച്ഛന് സെക്യുരിറ്റി ജീവനക്കാരനായി ജോലി നോക്കുന്നതിനിടെ ഹൃദയ സ്തംഭനംമൂലം മരണപ്പെട്ടു. കാട്ടായിക്കോണം യുപി സ്കൂളില്‍ കുട്ടികളെ തയ്യല്‍ പഠിപ്പിച്ചാല്‍ കിട്ടുന്ന തുച്ഛമായ വരുമാനമാണ് അമ്മ ഉഷയ്ക്ക് ആകെ ലഭിക്കുന്നത്. ഐടിഐ വെല്‍ഡിംഗ് കഴിഞ്ഞ സഹോദരന് വൈശാഖിനും സഹോദരിയെ സഹായിക്കണമെന്നുണ്ടെങ്കിലും കഴിയുന്നില്ല. നൃത്തത്തില്‍ താത്പര്യമുണ്ടായിരുന്ന വൈഷ്ണവിയെ അഞ്ചാം ക്ലാസുമുതല്‍ ചില അധ്യാപകര്‍ സഹായിച്ച് നൃത്തം പഠിപ്പിച്ചെങ്കിലും ഭരതനാട്യവും കേരളനടനവും നാടോടി നൃത്തവുമെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. തുണ്ടത്തില്‍ മാധവവിലാസം ഹയര്‍സെക്കൻഡറി സ്കൂളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി 1138 മാര്‍ക്കാണ് വൈഷ്ണവി നേടിയത്. എന്‍ട്രന്‍സ് പരീക്ഷ പരിശീലനം നേടി റാങ്ക് ലിസ്റ്റില്‍ കടന്ന് ഒരു ഡോക്ടറാകണമെന്ന ഉറച്ച ആഗ്രഹത്തിലാണ് വൈഷ്ണവി. ഇതിനുള്ള സഹായം എവിടെ നിന്നും ലഭിക്കും എന്നു ചോദിച്ചാല്‍ കണ്ണുകള്‍ ഈറനണിഞ്ഞ് കൈമലര്‍ത്തുക മാത്രമാണ് വൈഷ്ണവി ചെയ്യുന്നത്.