ട്രാഫിക് പരിശോധന: പോലീസ് ബാലിശമായി പെരുമാറാൻ പാടില്ലെന്നു മുഖ്യമന്ത്രി
- 17/05/2017

തിരുവനന്തപുരം: ട്രാഫിക് പരിശോധനയുടെ പേരിൽ പോലീസ് ജനങ്ങളോടു ബാലിശമായി പെരുമാറാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വാഹനത്തിന്റെ അടുത്തുചെന്നു പോലീസ് ജനങ്ങളോട് കാര്യങ്ങൾ അന്വേഷിക്കണം. അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പരിശോധനകൾ നടത്താൻ പാടില്ല. പ്രത്യേകിച്ചും സ്ത്രീകളെ പരിശോധനയുടെ പേരിൽ ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുത്. സബ് ഇൻസ്പെക്ടർ മുതലുള്ള ഉദ്യോഗസ്ഥരുടെ മേഖലാ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇക്കാര്യങ്ങൾ നിർദേശിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥനകളിൻ മേലുള്ള ചർച്ചയ്ക്കു മന്ത്രി തോമസ് ചാണ്ടി മറുപടി പറയുന്നതിനിടെ നിയമസഭാംഗങ്ങളായ വീണാജോർജും മോൻസ് ജോസഫും വാഹന പരിശോധനയുമായി ബന്ധപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണു മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്.