സ്‌ഥലംമാറ്റി പീഡിപ്പിക്കുന്നു: എൻജിഒ അസോസിയേഷൻ
- 23/11/2016

സ്‌ഥലംമാറ്റി പീഡിപ്പിക്കുന്നു: എൻജിഒ അസോസിയേഷൻ കോട്ടയം: വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളവരെ പോലും സ്‌ഥലം മാറ്റി സർക്കാർ പീഡിപ്പിക്കുകയാണെന്ന് എൻജിഒ അസോസിയേഷൻ. വികലാംഗർ വനിതകൾ, രോഗപീഡിതർ എന്നിവരെയെല്ലാം എൻജിഒ അസോസിഷേയൻ അംഗങ്ങളായതിന്റെ പേരിൽ സ്‌ഥലം മാറ്റുകയാണ്. അധികാരമേറ്റയുടൻ വിളിച്ചു ചേർത്ത ജീവനക്കാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സംസ്‌ഥാന പ്രസിഡന്റ് എൻ. രവികുമാർ പറഞ്ഞു.അസോസിയേഷൻ സംസ്‌ഥാന സമ്മേളനം 26 മുതൽ 29 കോട്ടയത്തു നടക്കും. 26നു വൈകുന്നേരം ആറിനു തിരുനക്കര മൈതാനത്തു ചേരുന്ന പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ടോമി കല്ലാനി അധ്യക്ഷത വഹിക്കും. കെ. സുധാകരൻ പ്രസംഗിക്കും. 27നു രാവിലെ 10.30നു സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ സംസ്‌ഥാന കൗൺസിൽ യോഗം.ഉച്ചകഴിഞ്ഞു മൂന്നിനു ചേരുന്ന സാംസ്കാരിക സമ്മേളനം മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്യും. 28നു രാവിലെ 10.30നു മാമ്മൻ മാപ്പിള ഹാളിൽ ചേരുന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. എൻ. രവികുമാറിന്റെ അധ്യക്ഷതയിൽ എം.എം. ജേക്കബ്, കെ.സി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. 12.30നു വനിതാ സമ്മേളനം ലതികാ സുഭാഷും 2.30നു ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ നടക്കുന്ന സെമിനാർ കെ. മുരളീധരൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും. ആറിനു പ്രതിനിധി സമ്മേളനം വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 29നു രാവിലെ 10.30നു ചേരുന്ന പ്രതിനിധി സമ്മേളനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും അഞ്ചിനു ചേരുന്ന ട്രേഡ് യൂണിയൻ സുഹൃദ് സമ്മേളനം ഐഎൻടിയുസി സംസ്‌ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി, വർക്കിംഗ് ചെയർമാൻ ബി. മോഹനചന്ദ്രൻ, ജനറൽ കൺവീനർ ഇ.എൻ. ഹർഷകുമാർ, കൺവീനർ രഞ്ജു കെ. മാത്യു എന്നിവരും പങ്കെടുത്തു.