ആർഎസ്എസും സിപിഎമ്മും ആയുധം ഉപേക്ഷിക്കണം : ചെന്നിത്തല
- 14/05/2017
തിരുവനന്തപുരം: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായത് അപലനീയമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കണ്ണൂരിൽ സിപിഎമ്മും ആർഎസ്എസും ആയുധം താഴെ വയ്ക്കണം. ചെറിയ ഒരു ഇടവേളയ്ക്കു ശേഷമാണു കണ്ണൂരിൽ വീണ്ടും കൊലപാതകമുണ്ടായിരിക്കുന്നത്. അവിടെ നടത്തിയ സമാധാനശ്രമം ആത്മാർത്ഥതയോടെയല്ലെന്നാണ് ഇതു കാണിക്കുന്നത്. പുറത്ത് സമാധാനം പ്രസംഗിക്കുകയും ഉള്ളിൽ ആയുധത്തിനു മൂർച്ച കൂട്ടുകയുമാണ് ഇരുകക്ഷികളും ചെയ്യുന്നത്. ഒരു വർഷത്തിനിടയിൽ കണ്ണൂരിൽ എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷികളുടെ ആഭിമുഖ്യത്തിലാണ് ഈ അരും കൊലകൾ. സമാധാനം നിലനിർത്താൻ ബാധ്യതയുള്ള ഇരു പാർട്ടികളും ചേർന്നു കേരളത്തിൽ ക്രമസമാധാന നില തകർക്കുകയാണ്. ഇനിയെങ്കിലും ഈ ചോരക്കളി അവസാനിപ്പിക്കാനുള്ള വിവേകം ഇരു കക്ഷികളുടെയും നേതൃത്വം കാണിക്കണം- ചെന്നിത്തല പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.







