സംസ്‌ഥാന സ്കൂൾ ശാസ്ത്രോത്സവം
- 23/11/2016

റുംഷൊർണൂർ: സംസ്‌ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ ഒമ്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ പതാക ഉയർത്തും. ഇന്നു രജിസ്ട്രേഷൻ മാത്രമാണ് നടക്കുന്നത്. നാളെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് ഔപചാരിക ഉദ്ഘാടനം നടത്തും. ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിലായി 183 ഇനങ്ങളിലാണ് മത്സരങ്ങൾ. ശാസ്ത്ര, ഐടി മേളകൾ ഷൊർണൂർ സെന്റ് തെരേസാസിലും ഗണിതശാസ്ത്രമേള ഷൊർണൂർ എസ്.എൻ. ട്രസ്റ്റ് സ്കൂളിലും സാമൂഹ്യശാസ്ത്രമേള വാടാനംകുറുശി ഹൈസ്കൂളിലും പ്രവൃത്തിപരിചയമേള വാണിയംകുളം ടിആർകെ ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുന്നത്. വൊക്കേഷണൽ എക്സ്പോയും കരിയർ ഫെസ്റ്റും കെവിആർ ഹൈസ്കൂളിലാണ്. ശാസ്ത്രമേളകളുടെ ഭാഗമായി നടക്കുന്ന കലാസാംസ്കാരിക സദസ് 24ന് കെവിആർ ഹൈസ്കൂളിൽ ആരംഭിക്കും. 26 വരെ വൈകുൂന്നേരം ആറുമുതൽ കലാപരിപാടികളുണ്ടാകും. സോപാന സംഗീതം, നൃത്തസന്ധ്യ, പാവനാടകം, ശാസ്ത്രനാടകം, തോൽപാവകൂത്ത്, ഗസൽരാവ്, ഇടയ്ക്ക വിസ്മയം എന്നിവയാണ് മൂന്നു ദിവസങ്ങളിലായി നടക്കുക.