ആർഎസ്എസിനെ വളർത്തുന്നതിനു പിന്നില്‍ സിപിഎം : ചെന്നിത്തല
- 14/05/2017

ആലപ്പുഴ: കേരളത്തിൽ ബിജെപി, ആർഎസ്എസ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നതു സിപിഎമ്മും പിണറായി വിജയനുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതനായ കെ.സി. വേണുഗോപാൽ എംപിക്കും സെക്രട്ടറിയായി നിയമിതനായ പി.സി. വിഷ്ണുനാഥിനും ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലുമൊരു ഹിന്ദുവിന്റെ പേരുകേട്ടാൽ അത് ആർഎസ്എസുകാരനെന്നു വിളിച്ചു പറയുന്ന പണിയാണു സിപിഎം ഇപ്പോൾ നടത്തുന്നത്. മോദിയുടെ ആളുകൾ ഭരിക്കുന്ന ഒരൊറ്റ സംസ്ഥാനത്തും കേരളത്തിന്റെ മുഖ്യമന്ത്രിക്കു പ്രസംഗിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ആർഎസ്എസിന്റെ കുറുവടികളെ ഭയക്കാതെ കർണാടകയിൽ പിണറായി വിജയൻ ചങ്കൂറ്റത്തോടെ പ്രസംഗിച്ചു. അവിടെ മതേതരത്വം മുറുകെ പിടിക്കുന്ന കോണ്‍ഗ്രസ് ഭരണം ഉളളതുകൊണ്ടായിരുന്നു.- ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ എം. ലിജു അധ്യക്ഷനായിരുന്നു. കെ.സി. വേണുഗോപാൽ എംപിയും പി.സി. വിഷ്ണുനാഥും സ്വീകരണം ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി. കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുത്തു.