വെൺകുളം നവീകരണത്തിൽ അഴിമതി ;;വിജിലന്‍സ്
- 12/05/2017

പാറശാല: കാരോട് പഞ്ചായത്തില പ്രധാന ജലസ്രോതസായ വെണ്‍കുളത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന അഴിമതി ആരോപണത്തില്‍ കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പിന്റെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി. വെണ്‍കുളത്തിന്റെ നവീകരണത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെനേതൃത്വത്തില്‍ ആസൂത്രിതമായ കൊള്ളയാണ് നടന്നത് എന്ന് വിജിലന്‍സ് ആരോപിക്കുന്നു. ആ കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റാബിക്കെതിരെ വിജിലന്‍സ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണത്തിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നു. ഗുരുതരമായ അഴിമതിയാണ് നടന്നത് എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. വെണ്‍കുളത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായും അനിയന്ത്രിതമായ രീതിയില്‍ കളിമണ്‍ ഖനനം നടന്നതായി ആരോപിച്ച് ബി ജെ പിയുടെ നിയോജകമണ്ഡലം സെക്രട്ടറി കാന്തള്ളൂര്‍ സജി നല്കിയ പരാതിയെ തുടര്‍ന്നാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിജിലന്‍സ് അന്വേഷണം നടത്തിയത്. അന്വേഷണത്തെ തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്ന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് ഇക്കഴിഞ്ഞ പത്തിന് അഡിഷണല്‍ സെക്രട്ടറി ഇറക്കിയിരുന്നു. വെണ്‍കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളിലെ പാര്‍ശ്വ ഭിത്തി നിര്‍മാണത്തിലുണ്ടായ തകര്‍ച്ചക്ക് കാരണമായത് സുരക്ഷിതമല്ലാത്തതും അപാകതയുളളതുമായ ഡിസൈനാണെന്നത് സാങ്കേതിക വിഭാഗം കണ്ടെത്തിയിരുന്നു. ഡിസൈനില്‍ വിശദമായ പരിശോധന നടത്താതെ സാങ്കേതികാനുമതി നല്കിയ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ മെക്കാനിക്കല്‍ വിഭാഗം സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയര്‍ എം. എസ്. സജൂവിനെയും, ഒരുകോടി രൂപയുടെ അടങ്കല്‍ തുകയുടെ നിര്‍മാണപ്രവര്‍ത്തനത്തിന് സ്ക്രൂട്ടണി ചെയ്യാതെ സാങ്കേതികാനുമതിക്കായി ശുപാര്‍ശ ചെയ്തതിനും നിര്‍മാണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിന് മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്. ജയശ്രീ, മുന്‍ തിരുവനന്തപുരം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാം കെ. ജെയിംസ്, പാര്‍ശ്വ ഭിത്തി നിര്‍മാണത്തിലെ പ്രവർത്തികള്‍ തൃപ്തികരമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയ കൃഷി അസിസ്റ്റന്റ് പി. ടി .നവീന്‍ , പി. എല്‍. മഞ്ചു എന്നീ ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടത് . കൂടാതെ വിവിധ വകുപ്പുകളിലെ ആറോളം ഉദ്യോഗസ്ഥരെ വകുപ്പ് തല നടപടിക്കും വിജിലൻസ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണത്തിനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിജിലന്‍സ് ശിപാര്‍ശ ചെയ്തു. കണ്‍വീനിയര്‍ പ്രവർത്തി നടത്താതെ ബിനാമി ഇടപാടുകളുടേയും അഴിമതി പ്രവര്‍ത്തനങ്ങളുടെ ഭാഗഭാക്കാവുകയും കളിമണ്‍ഖനനം തടയുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത മുന്‍ പഞ്ചായത്ത് സെക്രട്ടറി സി. ശ്രീകുമാരന്‍ നായര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ. വിഷ്ണു നമ്പൂതിരി എന്നിവര്‍ക്കെതിരെ കര്‍ശനമായ വകുപ്പ് തല നടപടിക്കും. അന്വേഷണം നടത്തിയ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മൈനിംഗ്് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് ടി. കെ. രാമകൃഷ്ണന് ,ജിയോളജിസ്റ്റുമാരായ ടി. വി. ജ്യോതിഷ് കുമാര്‍, എസ്. ആര് . ഗീത, എന്നിവരുടെ കാലയളവിലാണ് 10,500 ക്യുബിക് അടി കളിമണ്‍ ഖനനം ചെയ്യുന്നതിന് അനുമതി നല്‍കിയത്. എന്നാല്‍ അനിയന്ത്രിതവും അശാസ്ത്രീയമായി കളിമണ്‍ ഖനനത്തിലൂടെ 32,104 ക്യുബിക് മീറ്റര്‍ ചെളി നീക്കം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഓരോ പ്രാവശ്യവും പാസ് അനുവദിക്കുന്നതിന് മുമ്പ് വിശദമായി പരിശോധന നടത്താത് മൂലം റോയലിറ്റി ഇനത്തില്‍ സര്‍ക്കാരിന് 17,28,320, രൂപയും 4,00,104, രൂപയുടെ സാമ്പത്തിക നഷ്ടം ഗ്രാമപഞ്ചായത്തിനുമുണ്ടായതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് മൈനിംഗ് വകുപ്പിലെ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെയും അക്കാലത്തെ കാരോട് വില്ലേജ് ഓഫീസറായിരുന്ന കെ . പ്രസന്ന കുമാരി,എന്നിവര്‍ക്കെതിരെയും വകുപ്പ് തല അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ കണ്‍വീനര്‍ ആയിരുന്ന വില്‍സണ്‍,കോണ്ട്രാക്ടര് ഗംഗാധരന് , കരാറുകാരന് വിജയരാജ് എന്നിവര്‍ക്കെതിരെയും വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു .അക്കാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന റാബിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി. റാബി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വളരെ വിദഗ്ദമായി ആസൂത്രണം ചെയ്ത ഒരു സംഘടിത കൊള്ളയായിരുന്നു കാരോട് ഗ്രാമപഞ്ചായത്തിലെ വെണ്‍കുളം പുനരുദ്ധാരണത്തിന്റെ പേരില്‍ നടന്നത് എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.