കള്ളനോട്ടുകൾ കുപ്പത്തൊട്ടിയിൽ
- 23/11/2016

പീരുമേട്: ദേശിയപാത 183ൽ കുട്ടിക്കാനത്തിനും വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനുമിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 2,58,000 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ആയിരം രൂപയുടെ നോട്ടുകൾപോലെ തോന്നിക്കുന്ന 258 നോട്ടുകളാണ് റോഡിനു താഴ്വശത്തായി വേസ്റ്റുകൾക്കിടയിൽ ചിതറികിടന്നിരുന്നത്. ഒരേ സീരിയൽ നമ്പറുള്ള ഒന്നിലധികം നോട്ടുകളും ഉണ്ടായിരുന്നു. ഇടുക്കി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എൻ. സജിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥർ തിരച്ചിൽ നടത്തിയത്. ഇന്നലെ രാവിലെ എട്ടോടെയാണ് നോട്ടുകൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള നോട്ടുകൾ തിങ്കളാഴ്ച രാത്രി ദേശീയ പാതയിലൂടെ സഞ്ചരിച്ച ആളുകളുടെ ശ്രദ്ധയിൽപെടുകയും അവർ വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.മാലിന്യം നിക്ഷേപിക്കുന്ന സ്‌ഥലമാണിത്. നോട്ടുകെട്ടുകൾ കണ്ടുകിട്ടിയതിനാൽ പരിസരപ്രദേശങ്ങളിൽ പോലീസ് തെരച്ചിൽ ശക്‌തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പോലീസ് കുട്ടിക്കാനം പ്രദേശത്ത് വാഹനപരിശോധന നടത്തിയിരുന്നതിനാൽ പണം ഉപേക്ഷിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്.പീരുമേട് സബ് ഇൻസ്പെക്ടർ ചാർലി തോമസ്, ജോസ് തോമസ്, ഹെൻറി, ദയാനന്ദൻ തുടങ്ങിയവരടങ്ങിയ സംഘമാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.പിന്നിൽ മാടുവ്യാപാരികളെന്നു സൂചനപെരുവന്താനം: കെകെ റോഡിൽ കുട്ടിക്കാനത്തിനു സമീപം വളഞ്ഞാങ്ങാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആയിരത്തിന്റെ കള്ളനോട്ടുകളുടെ ഉറവിടത്തെപ്പറ്റി അന്വേഷണം തുടങ്ങി. കൊടികുത്തി മാടു കച്ചവടവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കള്ളനോട്ട് പ്രചാരത്തിലുണ്ടെന്ന് ആരോപണമുണ്ട്.കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട് എന്നിവിടങ്ങളിലെ ബാങ്കുകളിൽ പതിവായി 1000 രൂപയുടെ കള്ളനോട്ട് എത്താറുണ്ടെന്ന് പറയപ്പെടുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരാണ് മാടു കച്ചവടത്തിന്റെ മറവിൽ കള്ളനോട്ട് എത്തിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.