എസ്ബിഐയുടെ എടിഎം കൊള്ള വ്യാപക പ്രതിഷേധം
- 12/05/2017

തിരുവനന്തപുരം: സൗജന്യ എടിഎം ഇടപാടുകൾ നിർത്താനുള്ള എസ്ബിഐയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ഇന്നലെ തലസ്ഥാനത്ത് എസ്ബിഐ ബ്രാഞ്ച് ഓഫീസുകൾക്കു മുന്നിലേക്കു മാർച്ച് നടത്തി. പ്രതിഷേധ സമരങ്ങൾ ശക്തമായതിനെത്തുടർന്നു ബാങ്കുകൾക്കു പോലീസ് സംരക്ഷണം ഏർപ്പെടുത്തി. തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെ എസ്ബിഐ ശാഖയ്ക്കു മുന്നിലേക്കു ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഓഫീസിനുള്ളിലേക്കു തള്ളിക്കയറാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പോലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. എസ്ബിഐയുടെ നിലപാട് ജനദ്രോഹപരമാണെന്നും എത്രയും വേഗം ഇതു റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അരുണ് ജയ്റ്റ്ലിക്കു ചെന്നിത്തല കത്തയച്ചു. സർവീസ് ചാർജ് ഈടാക്കാനുള്ള എസ്ബിഐയുടെ നീക്കം ദ്രോഹപരവും ജനങ്ങളെ കൊള്ളയടിക്കുന്നതുമാണെന്ന് മുൻ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. എസ്ബിഐ നീക്കം സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ നശിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ഗൂഢനീക്കമാണ് ഇതിന്റെ പിന്നിലുള്ളത്. സിപിഐയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കാനം പറഞ്ഞു. എസ്ബിഐ നടപടി പകൽക്കൊള്ളയാണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. എസ്ബിഐയുടെ തിരുത്ത് ഭാഗികം മാത്രമാണ്. സർവീസ് ചാർജുകൾ പൂർണമായും പിൻവലിച്ചേ മതിയാവൂവെന്നും അദ്ദേഹം പറഞ്ഞു.