എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം 13 മുതൽ
- 11/05/2017

കണ്ണൂർ: എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം 13 മുതൽ 15 വരെ കണ്ണൂരിൽ നടക്കും. 13ന് രാവിലെ സമ്മേളനനഗരിയായ ദിനേശ് ഓഡിറ്റോറിയത്തിൽ സംസ്ഥാനകമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. തുടർന്നു രാവിലെ 10.30ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി എംപി, പി. ജയരാജൻ, വിവിധ സംഘടനാനേതാക്കളായ ആനത്തലവട്ടം ആനന്ദൻ, എ. ശ്രീകുമാർ, കെ.സി. ഹരികൃഷ്ണൻ, പി.വി. രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ടി. പദ്മനാഭൻ, എം. മുകുന്ദൻ, ഡോ. മ്യൂസ് മേരി ജോസ് എന്നിവർ പങ്കെടുക്കും. ഞായറാഴ്ച രാവിലെ ഒൻപതിനു നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഇടതുപക്ഷ സർക്കാർ-പിന്നിട്ട ഒരു വർഷം എന്ന വിഷയത്തിൽ മന്ത്രി തോമസ് ഐസക് സംസാരിക്കും. സെമിനാർ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സുഹൃദ് സമ്മേളനം ഇ.പി. ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.15 ന് രാവിലെ 11ന് ’’കേരളവികസനവും സിവിൽ സർവീസും’’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിഷയം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞു 2.30ന് യാത്രയയപ്പ് സമ്മേളനം നടക്കും. വൈകുന്നേരം നാലിന് നഗരത്തിൽ പ്രകടനവും തുടർന്ന് ടൗൺ സ്ക്വയറിൽ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും.