ആഡംബരവിവാഹ ബോധവത്കരണം ആവശ്യം:
- 11/05/2017

തിരുവനന്തപുരം: ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ സഹായത്തോടെ നടത്തുന്ന ആഡംബര വിവാഹങ്ങൾക്കെതിരേ ബോധവത്കരണമാണ് ആവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലക്കര രത്നാകരന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഡംബര വിവാഹങ്ങൾ വ്യാപകമായതോടെ നിർധന കുടുംബങ്ങൾക്കു വരെ കടം വാങ്ങിയാണെങ്കിലും ഇത്തരത്തിൽ വിവാഹങ്ങൾ നടത്തേണ്ടിവരുന്നു. ഇത്തരത്തിൽ പാവപ്പെട്ട കുടുംബങ്ങൾ കടക്കെണിയിലാവുകയും ഒടുവിൽ കൂട്ട ആത്മഹത്യ നടത്തുകയും ചെയ്യുന്നു. ത്രീ സ്റ്റാർ ഹോട്ടലുകളിലും 500-ൽ കൂടുതൽ ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളിലും നടത്തുന്ന വിവാഹങ്ങൾക്ക് ആഡംബര നികുതി ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഹൈക്കോടതി ഈ വിധി റദ്ദാക്കി. ആഡംബര കല്യാണം ഒഴിവാക്കിയ നിരവധി ആളുകൾ നമുക്കു മുന്നിൽ തന്നെയുണ്ട്. സിപിഐ നേതാവ് ബിനോയ് വിശ്വം മകളുടെ കല്യാണം ഏറെ ലളിതമായാണു നടത്തിയത്. കല്യാണക്കാര്യം വളരെ കുറച്ചുപേരെ മാത്രമാണ് അറിയിച്ചത്. അറിയിച്ചവരോടുപോലും കല്യാണത്തിനു വരേണ്ടെന്നുമാണ് പറഞ്ഞത്. ആഡംബര വിവാഹങ്ങൾ വൻ സാമ്പത്തിക ധൂർത്തിനാണ് ഇടയാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.