പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചതിനു കേസെടുത്തു
- 09/05/2017

നീറ്റ്: പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചതിനു കേസെടുത്തു കണ്ണൂർ: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ അഴിച്ചു പരിശോധിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്ത് സിബിഎസ്ഇ റീജണൽ ഡയറക്ടറിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടു. സിബിഎസ്ഇ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് മനുഷ്യാവകാശ ലംഘനം നടത്തിയവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹൻദാസ്, ദേശീയ കമ്മീഷൻ അധ്യക്ഷനയച്ച കത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി അന്വേഷണ റിപ്പോർട്ട് പ്രത്യേകം സമർപ്പിക്കണം. കേരള വാഴ്സിറ്റി രജിസ്ട്രാറും വിശദീകരണം നൽകണം. മൂന്നാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. മെറ്റൽ ഡിറ്റക്ടറിൽ ശബ്ദം കേട്ടെന്ന് പറഞ്ഞാണ് കണ്ണൂരിൽ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷയ്ക്കെത്തിയവർക്കെതിരേ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി കമ്മീഷൻ നിരീക്ഷിച്ചു. പെണ്മക്കളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കുന്നതിന് അനുയോജ്യമായ വസ്ത്രം കണ്ടെത്താൻ അവസാന നിമിഷം രക്ഷാകർത്താക്കൾ പരിഭ്രാന്തരായി ഓടിയത് പരീക്ഷാഹാളിനു പുറത്ത് സാധാരണമായിരുന്നെന്ന് പി. മോഹനദാസ് നിരീക്ഷിച്ചു. ചിലരുടെ സൽവാർ കമ്മീസിന്റെ കൈ മുറിച്ചു മാറ്റി. ചിലർക്ക് ഷൂസ് അഴിക്കേണ്ടി വന്നു. കറുത്ത പാന്റ്സ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ പരീക്ഷാ ഹാളിൽ കയറ്റിയില്ല. പതിനൊന്നാം മണിക്കൂറിലാണ് സിബിഎസ്ഇ പരീക്ഷാ ഹാളിൽ ധരിക്കേണ്ട വസ്ത്രങ്ങൾ പരീക്ഷാർഥികളെ അറിയിച്ചതെന്നും കമ്മീഷൻ കണ്ടെത്തി. രക്ഷാകർത്താക്കൾ അധികൃതരുടെ നിർദേശാനുസരണമുള്ള വസ്ത്രം സംഘടിപ്പിക്കുന്നതിന് നെട്ടോട്ടമോടിയപ്പോൾ അവസരം മുതലാക്കി പരീക്ഷാ ഹാളിനു പുറത്ത് ടീഷർട്ട് കച്ചവടത്തിനായി ഏതാനും പേർ എത്തിയിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ റിപ്പോർട്ട് തേടി തിരുവനന്തപുരം: കഴിഞ്ഞ ദിവസം നീറ്റ് പ്രവേശനപരീക്ഷ നടന്ന കണ്ണൂരിലെ ചില സ്കൂളുകളിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയതായി പറയുന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സിബിഎസ്ഇ യോട് റിപ്പോർട്ട് തേടി. സിബിഎസ്ഇയുടെ ഡൽഹിയിലെ ആസ്ഥാനവും തിരുവനന്തപുരത്തെ റീജണൽ ഓഫീസും റിപ്പോർട്ട് നൽകണം. പത്തുദിവസത്തിനുളളിൽ റിപ്പോർട്ട് നൽകാനാണു കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.