ഹർജി കടുപ്പിക്കരുതെന്ന് സർക്കാർ സെൻകുമാറിനോട്
- 09/05/2017

ഡിജിപി സെൻകുമാർ മുഖ്യമന്ത്രിയെ കണ്ടു തിരുവനന്തപുരം: നിയമപോരാട്ടത്തിലൂടെ സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തേക്കു മടങ്ങിയെത്തിയ ടി.പി. സെൻകുമാർ ഇന്നലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചുമതലയേറ്റടുത്തശേഷം മൂന്നാം ദിവസമായിരുന്നു കൂടിക്കാഴ്ച. പോലീസ് മേധാവിയുമായുള്ള കൂടിക്കാഴ്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഇതു സൗഹാർദപരമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർക്കാർ നയം നടപ്പാക്കണമെന്നു ഡിജിപിയോടു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് സെൻകുമാർ കണ്ടത്. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്നു.സർക്കാർ നയം നടപ്പാക്കുകയാണു പോലീസിന്റെ ജോലിയെന്നു കൂടിക്കാഴ്ചയ് ക്കുശേഷം പുറത്തിറങ്ങിയ സെൻകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ വളരെ നന്നായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പോലീസിനു നിലവിലുള്ള നയം മാത്രമേയുള്ളൂ. പുതിയ നയങ്ങളുണ്ടാക്കേണ്ടത് സർക്കാരാണ്. പുതിയ നയം രൂപീകരിക്കുന്നത് പോലീസിന്റെ ആഭ്യന്തരകാര്യമല്ല. നിലവിലുള്ള നയങ്ങളും നിയമങ്ങളും കൃത്യമായി നടപ്പാക്കുകയെന്നതാണ് പോലീസിന്റെ ജോലി. സുപ്രീംകോടതിയിലെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചില്ലെന്നും സെൻകുമാർ പറഞ്ഞു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജി കടുപ്പിക്കരുതെന്ന് സർക്കാർ സെൻകുമാറിനോട് ആവശ്യപ്പട്ടതായി സൂചനയുണ്ട്. ഇന്നാണ് സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്.