‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’ ഭ്രമണപദത്തിൽ
- 06/05/2017

ബംഗളൂരു: അയൽരാജ്യങ്ങൾക്കുള്ള ഇന്ത്യയുടെ സമ്മാനമായ ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തിൽനിന്നും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്‌ആർഒയുടെ ജിഎസ്‌എൽവി–എഫ് 09 റോക്കറ്റാണു ഉപഗ്രഹവിക്ഷേപണം നടത്തിയത്. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്‌ആർഒയിലെ ശാസ്ത്രജ്ഞൻമാരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ഉപഗ്രഹ വിക്ഷേപണം ചരിത്രമുഹൂർത്തമാണെന്നും സാമ്പത്തിക രംഗത്തു വൻ കുതിച്ചുചാട്ടത്തിനു ഇതു വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങൾ, ആശയവിനിമയം, ടെലിമെഡിസിൻ തുടങ്ങിയ മേഖലകളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്ന വാർത്താവിനിമയ ഉപഗ്രഹമാണിത്. അയൽരാജ്യങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഉപഗ്രഹം ഇതാദ്യമാണ്. ബഹിരാകാശ ഗവേഷണ രംഗത്തെ സമാനതകളില്ലാത്ത നേട്ടങ്ങൾ അയൽരാജ്യങ്ങളുമായി സൗജന്യമായി പങ്കുവയ്ക്കുക എന്ന ഇന്ത്യയുടെ സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്. 12 വർഷം നീണ്ടുനിൽക്കുന്ന ദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഉപഗ്രഹത്തിനു മാത്രം 235 കോടി രൂപ ചെലവായി. ഇത് ഇന്ത്യയാണ് വിക്ഷേപിച്ചത്. സാർക്ക് രാജ്യങ്ങളിൽ പാകിസ്ഥാൻ ഒഴികെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങൾക്ക് സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. 2014 ൽ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം നരേന്ദ്ര മോഡിയുടെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. ‘സാർക്ക് സാറ്റലൈറ്റ്’ എന്നാണ് ആദ്യം പേരിട്ടതെങ്കിലും പാകിസ്ഥാൻ പിന്മാറിയതോടെ ‘ദക്ഷിണേഷ്യൻ സാറ്റലൈറ്റ്’ എന്നാക്കി മാറ്റി.