ഏതു പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യാവുന്ന സംവിധാനം നടപ്പിലാക്കും: മുഖ്യമന്ത്രി
- 03/05/2017

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഏതുപോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യാവുന്ന സംവിധാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പരാതിയുമായി എത്തിയാൽ പോലീസ് സ്റ്റേഷന്റെ പരിധി നോക്കാതെ കേസ് രജിസ്റ്റർ ചെയ്യാനും പിന്നീട് കേസിന്റെ വിവരങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കാനും പോലീസിനു നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ്, ജയിൽ വകുപ്പുകൾക്കുള്ള ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന പോലീസിനു നല്ല നാഥനുണ്ട്. അക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. രമണ്ശ്രീവാസ്തവ യുഡിഎഫ് ഭരണകാലത്തും എൽഡിഎഫ് ഭരണകാലത്തും ഡിജിപി ആയിരുന്ന ആളാണ്. ഡിജിപിയായിരുന്ന ഒരാൾ ഉപദേഷ്ടാവായി വരുമ്പോൾ എന്ത് അപകടമാണ് ഉണ്ടാവുക? എൽഡിഎഫിന്റെ പോലീസ് നയം കേരളത്തിനും പോലീസിനും അറിവുള്ളതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ദുഷ്ചെയ്തികളുടെ ഹാംഗ് ഓവറിൽനിന്ന് ഒരുപറ്റം ഉദ്യോഗസ്ഥർ ഇപ്പോഴും മോചിതരായിട്ടില്ല. അതിന്റെ ചില ദോഷങ്ങളുണ്ടെങ്കിലും ഇപ്പോൾ കൃത്യതയോടെയാണ് പോലീസ് പ്രവർത്തിക്കുന്നത്. പോലീസ് ഒരു തരത്തിലുള്ള പ്രലോഭനങ്ങൾക്കും വഴിപ്പെടേണ്ടതില്ല. നിയമമനുസരിച്ചു പ്രവർത്തിച്ചാൽ മതി. ഉദ്യോഗസ്ഥരിൽ ചിലർ പരസ്പരം പോരടിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ മേലുദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ട്. സേനയുടെ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സർക്കാർ തയാറല്ല. സംസ്ഥാനത്ത് ഗുണ്ടായിസം വളർന്നുവരുന്ന പ്രവണത കാണുന്നുണ്ട്. നിയമം കൈയിലെടുക്കുന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. രാഷ്ട്രീയ പ്രവർത്തകർക്കെതിരേ ഇനിമുതൽ കാപ്പ ചുമത്തില്ല. യുഎപിഎയുടെ ദുരുപയോഗവും തടയും. അത്യസാധാരണമായ കേസുകളിൽ മാത്രമെ ഇതു ചുമത്തുകയുള്ളൂ. ചില സന്ദർഭങ്ങളിലെങ്കിലും പോലീസിനു പ്രത്യേക മുഖമുണ്ട്. എന്നാൽ, ന്യൂനപക്ഷ വിരുദ്ധമുഖം ഇനി പോലീസിന് ഉണ്ടാകില്ല. കുറ്റകൃത്യങ്ങൾക്കെതിരേ കർക്കശമായ നടപടികളുണ്ടാവും. അഴിമതി ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനും ഒറ്റപ്പെട്ടു കഴിയുന്നവരെ സഹായിക്കാനും ജനമൈത്രി പോലീസ് ബീറ്റ് കാര്യക്ഷമമാക്കും. എല്ലാ ക്രൈം കേസുകളും രജിസ്റ്റർ ചെയ്യണം.