മുഖംമൂടിസംഘം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്നു
- 20/04/2017

മഞ്ചേശ്വരം: ബൈക്കിലെത്തിയ മുഖംമൂടിസംഘം പഞ്ചായത്ത് ഓഫീസിനകത്തു കയറി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്നു. കാസർഗോഡ് ജില്ലയിലെ കർണാടക അതിർത്തിപ്രദേശമായ ബായാറിനടുത്ത കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്ഗ്രസ് നേതാവുമായ അബ്ദുൾ ജലീൽ (33) ആണ് കൊല്ലപ്പെട്ടത്. മലയാളിയാണ് ഇദ്ദേഹം. വ്യാഴാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. രണ്ടു ബൈക്കുകളിലെത്തിയ മുഖംമൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചുകയറി മുളകുപൊടി വിതറിയശേഷം അബ്ദുൾ ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തുടർന്ന് സംഘം രക്ഷപ്പെട്ടു. വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളിൽ വീണ അബ്ദുൾ ജലീലിനെ പഞ്ചായത്ത് ഓഫീസിലുണ്ടായവർ ദേർലക്കട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിസംഘത്തെ ഭയന്ന് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെടുകയായിരുന്നു.