നന്തൻകോട് കൂട്ടക്കൊല;;: ചെന്നൈയിൽ തെളിവെടുപ്പു നടത്തി
- 18/04/2017

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജിൻസൻ രാജുമായി പോലീസ് ചെന്നൈയിൽ തെളിവെടുപ്പു തുടരുന്നു. കേഡൽ ഒളിവിൽ താമസിച്ചിരുന്ന ലോഡ്ജിൽ പോലീസ് സംഘം എത്തി. കേഡൽ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് പോലീസ് കണ്ടെടുത്തു. കൂടാതെ കേഡൽ ഭക്ഷണം കഴിച്ച ഹോട്ടലിലും പോലീസ് കേഡലിനെയും കൊണ്ട് തെളിവെടുപ്പു നടത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേഡലുമായി ചെന്നൈയിലെത്തിയത്. തെളിവെടുപ്പു പൂർത്തിയാക്കി ഇന്നു വൈകുന്നേരത്തോടെ അന്വേഷണസംഘം തിരുവനന്തപുരത്തെത്തും. കനത്ത സുരക്ഷാ സംവിധാനത്തോടെയാണു പോലീസ് സംഘം കേഡലുമായി ചെന്നൈയിൽ തെളിവെടുപ്പു തുടരുന്നത്. തമിഴ്നാട് പോലീസിന്റെ സഹായവും കേരള പോലീസിനു ലഭിക്കുന്നുണ്ട്. കൂട്ടക്കൊലയ്ക്കുശേഷം ചെന്നൈയിലെ ലോഡ്ജിൽ ഒളിവിൽ കഴിയവെ വാർത്താചാനലുകളിലൂടെ കേഡലിന്റെ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്ത് വിട്ടിരുന്നു. ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു കേഡൽ ചെന്നൈയിൽ നിന്നു ട്രെയിൻമാർഗം തിരുവനന്തപുരത്തെത്തിയത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ കേഡലിനെ റെയിൽവെ പോലീസും ഷാഡോ പോലീസും ചേർന്നു പിടികൂടുകയായിരുന്നു.