സിപിഐ ശത്രുക്കൾക്കുള്ള ആയുധമായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നു """" കോടിയേരി
- 16/04/2017

കണ്ണൂർ: മുന്നണി സംവിധാനത്തിലും ഭരണത്തിലും നിൽക്കുന്പോൾ നടത്തുന്ന പ്രസ്താവനകൾ ശത്രുക്കൾക്കുള്ള ആയുധമായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരേ കാനം രാജേന്ദ്രൻ നടത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കോടിയേരി നടത്തിയ പത്രസമ്മേളനം. ഇരുമുന്നണികളിലുമായി ഭരണത്തിലിരുന്നിട്ടുള്ള സിപിഐക്കു ഭരണകാര്യത്തിൽ സിപിഎമ്മിനേക്കാൾ പരിചയമുണ്ടെന്നും ഭരണത്തിൽ പാളിച്ചകൾ കണ്ടാൽ ചൂണ്ടിക്കാട്ടേണ്ടതു മുന്നണി യോഗത്തിലോ അല്ലെങ്കിൽ ഉഭയകക്ഷി യോഗത്തിലോ ആയിരിക്കണമെന്നും കോടിയേരി പറഞ്ഞു. അല്ലാതെ പരസ്യപ്രസ്താവനകൾ നടത്തുകയല്ല വേണ്ടത്. സമരത്തിൽ എന്തു നേടിയെന്ന പിണറായിയുടെ ചോദ്യം മുതലാളിത്തത്തിന്റെ ഭാഷയാണെന്ന കാനത്തിന്റെ പരാമർശത്തെക്കുറിച്ചു ചോദിച്ചപ്പോൾ, സിപിഎം എന്നും അടിസ്ഥാനവർഗത്തിനും തൊഴിലാളി സമൂഹത്തിനും ഒപ്പമുള്ള പാർട്ടിയാണെന്നായിരുന്നു കോടിയേരിയുടെ ഉത്തരം. ഒരു പക്ഷേ, കാനം ട്രേഡ് യൂണിയൻ നേതാവെന്ന നിലയിൽ നടത്തിയ പരാമർശത്തിൽ അദ്ദേഹത്തിന്റെ ട്രേഡ് യൂണിയൻ നേതാവിന്റെ ശൈലി സ്വാഭാവികമായി കടന്നുവന്നതായിരിക്കാമെന്നുമായിരുന്നു മറുപടി. രമൺ ശ്രീവാസ്തവയെ ഉപദേഷ്ടാവായി നിയമിച്ചതിൽ തെറ്റൊന്നുമില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞ എൽഡിഎഫിന്റെ ഭരണ കാലത്ത് ഡിജിപിയായിരുന്നു രമൺശ്രീവാസ്തവ. പിന്നീട് ദേശീയ തലത്തിൽ ഉന്നതസ്ഥാനത്ത് നിയമിക്കപ്പെട്ടിരുന്നു. കരുണാകരൻ സർക്കാരിന്റെ കാലത്തു രമൺ ശ്രീവാസ്തവയ്ക്കെതിരേ ഉയർന്ന കടുത്ത ആരോപണങ്ങളിലെല്ലാം അദ്ദേഹം പിന്നീടു കുറ്റവിമുക്തനായി. ഇത്തരത്തിൽ പഴയകാലങ്ങൾ ചികഞ്ഞു പരിശോധിച്ചാൽ ആരെയും എവിടെയും നിയോഗിക്കാൻ കഴിയില്ല. ഭരണം മാറി എന്നു വച്ച് ഉദ്യോഗസ്ഥരെ മാറ്റുന്നതു പ്രായോഗികമല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. യുഎപിഎ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്നു നിയമനിർമാണ വേളയിൽ പാർലമെന്റിൽ ചൂണ്ടിക്കാണിച്ച പാർട്ടിയാണു സിപിഎം. യുഎപിഎ കരിനിയമത്തോടു സിപിഎമ്മിന് അന്നും ഇന്നും യോജിപ്പില്ല. സംസ്ഥാന പോലീസ് യുഎപിഎ ചുമത്തിയ കേസുകളെല്ലാം പുനഃപരിശോധിക്കാൻ ഡിജിപിക്കു സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നു കോടിയേരി പറഞ്ഞു. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങൾ ലഭിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.