രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി
- 12/04/2017

തിരുവനന്തപുരം: മുൻ ഡിജിപി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോലീസിന്റെ പ്രവൃത്തികൾ സർക്കാരിനു തുടർച്ചയായി നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിലാണു പോലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളിൽ ഉപദേശകനെ നിയമിക്കാൻ തീരുമാനിച്ചത്. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലാണു നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏഴാമത്തെ ഉപദേഷ്ടാവാണു രമണ്‍ ശ്രീവാസ്തവ. എം.സി. ദത്തൻ(ശാസ്ത്രം), ഗീതാ ഗോപിനാഥ്(സാന്പത്തികം), സി.എസ്. രഞ്ജിത്ത്(വികസനം), എൻ.കെ. ജയകുമാർ (നിയമം), ജോണ്‍ ബ്രിട്ടാസ് (മാധ്യമം), പ്രഭാവർമ (പ്രസ്) എന്നിവരാണ് മറ്റുള്ളവർ. ആഭ്യന്തര വകുപ്പിൽ വീഴ്ചയുണ്ടായാൽ നടപടി എടുക്കാൻ ഒരു മടിയുമില്ല. എന്നാൽ, ചിലയാളുകൾ, ചേർന്നു ചില കാര്യങ്ങൾ ഇതേപോലെ ചെയ്യണമെന്നു പറഞ്ഞാൽ നടക്കില്ല. അവർ എത്ര ഉന്നതർ ആയാലും അതു നടക്കില്ല. ആർഎസ്എസ് ബന്ധമുള്ളവർ പോലീസ് സേനയിലുണ്ടോയെന്നു പരിശോധിച്ചു വരികയാണ്. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിലാണ്. സർക്കാർ ഉദ്യോഗസ്ഥർ അവധിയിൽ പോയാൽ സാധാരണയായി തിരിച്ചുവരുകയാണു പതിവെന്ന് അദ്ദേഹം അറിയിച്ചു.