CLICK VIEDOദുരഭിമാനം മാറ്റി മുഖ്യമന്ത്രി മഹിജയെകാണണം ,പ്രതികളെ അറസ്റ്റുചെയ്യണം:ചെന്നിത്തല
- 09/04/2017

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിട്ടുകണ്ടു ചർച്ച നടത്തി സമരം തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തുനൽകി. മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ ദുരഭിമാനം മാറ്റി മുഖ്യമന്ത്രി നേരിട്ട് ഇടപെടണം............ വന്ന വഴിയൊക്കെ പിണറായി മറന്നുപോയോ? സമരപോരാട്ടങ്ങളിലൂടെ ഉയർന്ന നേതാവല്ലേ അങ്ങ്? മകൻ മരിച്ച ഒരമ്മയുടെ സമരത്തോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്. എത്രയോ തവണ പോലീസിന്റെ മർദനമേറ്റയാളാണ് അങ്ങ്. അന്നും മർദിച്ചിട്ടില്ലെന്ന നിലപാടാണല്ലോ പോലീസ് സ്വീകരിച്ചത്. അതു മറന്നു പോയോ? മകൻ നഷ്ടപ്പെട്ട ഒരമ്മ നീതി ചോദിച്ച് എത്തിയപ്പോഴുണ്ടായ ക്രൂരമായ പോലീസ് അതിക്രമത്തെ ന്യായീകരിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പച്ചക്കള്ളം പറഞ്ഞു പോലീസിനെ ന്യായീകരിക്കുകയാണ്. ജിഷ്ണുവിന്റെ അമ്മയെ പോലീസ് നിലത്തിട്ടു വലിച്ചിഴച്ചിട്ടില്ലെന്നാണ് അതിൽ പറയുന്നത്............. ഭരണകൂടത്തിന്റെ മർദനോപാധിയാണു പോലീസ് എന്നാണ് ഇ.എം.എസ് മുതൽ ഇങ്ങോട്ട് എല്ലാ കമ്യൂണിസ്റ്റ് നേതാക്കളും പറയാറുള്ളത്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരാരും അങ്ങയെപ്പോലെ പോലീസിനെ കണ്ണുമടച്ചു ന്യായീകരിച്ചിട്ടില്ല. പോലീസ് എഴുതിത്തന്നതു മാത്രം വായിച്ചു വിശ്വസിക്കുന്നതിനു മുൻപ് ഡിജിപി ഓഫീസിനു മുന്നിൽ എന്താണു നടന്നതെന്നു നേരിട്ട് അന്വേഷിക്കാമായിരുന്നു. മഹിജയോടു നേരിട്ടു ചോദിക്കാമായിരുന്നു. പോലീസ് അടിവയറ്റിൽ ബൂട്ടിട്ടു ചവിട്ടിയ കാര്യവും റോഡിലൂടെ വലിച്ചിഴച്ച കാര്യവും മർദിച്ച കാര്യവും അവർ പറയുമായിരുന്നു. ഇവർക്ക് ഇത്ര ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നതെങ്ങനെയാണ്? ജിഷ്ണുവിന്റെ വസതിയിൽ നിരാഹാര സമരം നടത്തുന്ന സഹോദരി അവിഷ്ണയെ കണ്ടിരുന്നു. കുട്ടിയുടെ നില മോശമായിക്കൊണ്ടിരിക്കുകയാണ്. ജലപാനത്തിനുപോലും തയാറാകുന്നില്ല. ജിഷ്ണുവിനെപ്പോലെ മരിക്കാൻ തയാറാണെന്നാണ് അവിഷ്ണ പറഞ്ഞത്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ മൂന്നു തലമുറ ഒന്നിപ്പിച്ചപ്പോൾ സമരത്തിലാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സഹനസമരം ഉണ്ടായിക്കാണില്ല.......... . ആശുപത്രിയിൽ മഹിജയോടൊപ്പം ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിന്റെ അച്ഛൻ കുമാരൻ ബിജെപിക്കാരുടെ വെട്ടേറ്റു പത്തു വർഷമായി ചലനരഹിതനായി കിടക്കുകയാണ്........... ഇവരാണോ ബിജെപിക്കാരുടെ സഹായം തേടിയെന്നു പിണറായി വിജയൻ ആരോപിക്കുന്നത്? ഇത്തരം വിഡ്ഢിത്തം ആരാണു മുഖ്യമന്ത്രിക്കു പറഞ്ഞു തരുന്നത്?............... ജിഷ്ണുവിന്റെ അമ്മയുടെ സമരത്തെ സഹായിക്കാൻ ചെന്നതിന്റെ പേരിൽ മനുഷ്യാവകാശ പ്രവർത്തകരായ ഷാജഹാനെയും ഷാജർഖാനെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചതും ഭരണാധികാരിക്കു ചേർന്ന നടപടിയല്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു.