കൈക്കൂലി റവന്യൂ വകുപ്പിൽ മിന്നൽ പരിശോധന
- 25/03/2017

കൈക്കൂലിക്കാരുടെ പട്ടിക തയാറാക്കാൻ മന്ത്രിയുടെ നിർദേശം തിരുവനന്തപുരം: റവന്യു വകുപ്പിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി താലൂക്കു തലത്തിൽ അഴിമതി വിമുക്ത സ്ക്വാഡുകൾ രൂപീകരിച്ചു നിരീക്ഷണം ശക്തമാക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകി. റവന്യു വകുപ്പിൽ അഴിമതി വ്യാപകമാണെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു റവന്യു വകുപ്പിലെ അഴിമതി തടയാൻ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്.വിജിലൻസ് വകുപ്പ് നടത്തിയ സർവേയിൽ അഴിമതിയിൽ രണ്ടാം സ്ഥാനത്തു റവന്യു വകുപ്പാണെന്നു കണ്ടെത്തിയിരുന്നു. അഴിമതിയിൽ ഒന്നാമതു തദ്ദേശ സ്വയംഭരണ വകുപ്പിനാണ്.വില്ലേജ്, താലൂക്ക് ഓഫീസുകൾ അടക്കമുള്ളിടങ്ങളിൽ നിന്ന് ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാനാണു മന്ത്രിയുടെ നിർദേശം. എല്ലാ ഓഫീസുകളിലും ഉന്നത ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കും ലാൻഡ് റവന്യു കമ്മീഷണർക്കും മന്ത്രി നിർദേശം നൽകി. അഴിമതി നടത്തിയെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കും. അഴിമതി നടത്തുന്നവർക്കെതിരേ വകുപ്പു തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന നിർദേശം വില്ലേജ് ഓഫീസ് തലങ്ങളിൽ വരെ നൽകണം. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ശേഖരിക്കും. ഇവരുടെ പട്ടിക തയാറാക്കും. ആദ്യഘട്ടത്തിൽ ഇവരെ താക്കീതു ചെയ്യും. അഴിമതി തുടർന്നാൽ സർവീസിൽനിന്നു മാറ്റിനിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. സർവീസിൽ നിന്നുള്ള സസ്പെൻഷൻ, അന്യ ജില്ലകളിലേക്കുള്ള സ്ഥലംമാറ്റം തുടങ്ങിയ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും. വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടറേറ്റ്, ലാൻഡ് റവന്യു കമ്മീഷണറേറ്റ്, സെക്രട്ടേറിയറ്റ്, റവന്യു മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ഫോണ് നമ്പരുകൾ മുൻഗണനാ ക്രമത്തിൽ നൽകണം. കൈക്കൂലി നൽകരുതെന്നു ജനങ്ങളെ ബോധവത്കരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കും. വില്ലേജ് ഓഫീസുകൾ അടക്കമുള്ള റവന്യു കാര്യാലയങ്ങൾ അഴിമതി വിമുക്തമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന റവന്യു ഓഫീസുകളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ മാത്രമാണ് അഴിമതിക്കു കുട പിടിക്കുന്നത്. ഇതിന്റെ പാപഭാരം വകുപ്പിനു മുഴുവൻ ചുമക്കേണ്ട അവസ്ഥയാണെന്നും ഉദ്യോഗസ്ഥർക്കു മന്ത്രി നൽകിയ നിർദേശത്തിൽ പറയുന്നു.