കേരളപ്പിറവി:വിട്ടയയ്ക്കാൻ ചന്ദ്രബോസ് വധക്കേസ് മുഹമ്മദ് നിസാമും കല്ലുവാതുക്കൽപ്രതി മണിച്ചനും
- 24/03/2017

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാൻ സർക്കാർ തയാറാക്കിയ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമുംകല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ, സഹോദരൻ ഉൾപ്പെടുന്നു. ഇതു സംബന്ധിച്ച വിവരാവകാശ രേഖ മാധ്യമങ്ങൾക്കു ലഭിച്ചു. പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ എങ്ങനെ ഉൾപ്പെടുമെന്നു ചോദിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്. ടി.പി വധക്കേസിലെ പ്രതികളെ കോടതി ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചതെന്നും അവർ ഈ പട്ടികയിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു പ്രതിപക്ഷം ആരോപിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഇതു പ്രചാരണവിഷയമാക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 11 പ്രതികൾക്കും ശിക്ഷായിളവു നൽകാൻ തീരുമാനിച്ചിരുന്നുവെന്നാണ് വിവരാവകാശ രേഖ പ്രകാരം വ്യക്തമാകുന്നത്. കൊടി സുനി, കുഞ്ഞനന്തൻ, കെ.സി.രാമചന്ദ്രൻ, അണ്ണൻ സിജിത്ത് എന്ന് വിളിക്കുന്ന സിജിത്ത്, കിർമാണി മനോജ് എന്ന മനോജ്, അനൂപ്, റഫീക്ക്, മുഹമ്മദ് ഷാഫി, രജീഷ്, ഷിനോജ് എന്നിവർ ഉൾപ്പെടെയുള്ള പതിനൊന്നു പ്രതികളും പട്ടികയിലുണ്ട്. കൂടാതെ കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചൻ, സഹോദരൻ വിനോദ്, ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം, കാരണവർ വധക്കേസ് പ്രതി ഷെറിൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതി ഓം പ്രകാശ് ഉൾപ്പെടെയുള്ളവരെയാണ് ശിക്ഷായിളവ് നൽകാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായി ജയിൽ വകുപ്പിൽ നിന്നു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെ.സി. രാമചന്ദ്രൻ കുന്നുമ്മേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കുഞ്ഞനന്തൻ പാനൂർ ഏരിയാ കമ്മിറ്റി അംഗവുമാണ്. കാപ്പ ചുമത്തപ്പെട്ട മുഹമ്മദ് നിസാം പട്ടികയിൽ എങ്ങനെ ഉൾപ്പെട്ടുവെന്ന ചോദ്യത്തിന് വിചാരണത്തടവുകാരനായിരിക്കവെയാണ് കാപ്പ ചുമത്തിയതെന്നും പട്ടിക തയാറാക്കുമ്പോൾ കാപ്പയുടെ പരിധിയിൽ വരില്ലെന്നുമാണു ജയിൽ വകുപ്പ് നൽകിയ വിശദീകരണം. 1911 പേരുടെ പട്ടികയാണ് സർക്കാർ തയാറാക്കിയത്. 61 പേരെ ഒഴിവാക്കി 1850 പേരുടെ പട്ടിക സർക്കാർ ഗവർണർക്ക് സമർപ്പിച്ചു. എന്നാൽ, സുപ്രീംകോടതിയുടെ മാനദണ്ഡപ്രകാരം തടവുകാരുടെ വിശദവിവരങ്ങൾ നൽകിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ ആ പട്ടിക മടക്കി അയച്ചു. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ശിക്ഷായിളവ് നൽകുന്ന പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുണ്ടോയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയിരുന്നു. ടി.പി കേസിലെ പ്രതികൾക്ക് 14 വർഷത്തെ ജയിൽശിക്ഷ പൂർത്തിയാകാതെ എങ്ങനെ ശിക്ഷായിളവു നൽകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. വിവരാവകാശ രേഖ പുറത്തുവന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. കൊലക്കേസ് പ്രതികളെയും ഗുണ്ട കളെയും മോചിപ്പിക്കാനുള്ള സർക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുകയാണ്. വാടക കൊലയാളികൾ, വയോധികരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികൾ എന്നിവരെ ശിക്ഷായിളവ് പട്ടികയിൽ ഉൾപ്പെടുത്തരുതെന്നു സുപ്രീംകോടതിയുടെ നിർദേശം നിലവിലിരിക്കെയാണ് വാടക കൊലയാളികളെയും വയോധികരെയും കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളെ ശിക്ഷായിളവ് നൽകുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നിയമവൃത്തങ്ങൾ ആരോപിക്കുന്നു.