ആർഎസ്എസ് തീരുമാനിക്കും ബിജെപി നടപ്പാക്കും : യെച്ചൂരി
- 24/03/2017

തിരുവനന്തപുരം: ആർഎസ്എസിന്‍റെ ഹിന്ദുത്വ രാഷ്ട്രീയം ബിജെപി നടപ്പാക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രടറി സീതാറാം യെച്ചൂരി. കേരളത്തിൽ ആർഎസ്എസ് അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അക്രമങ്ങളിലുടെ ആർഎസ്എസിന്‍റെ സ്വാധീനം ഉറപ്പാക്കാനുള്ള നീക്കം നടക്കില്ലെന്നും ജനാധിപത്യ മാർഗങ്ങളിലുടെ ആർഎസ്എസിന്‍റെ ഭീക്ഷിണികളെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ മംഗലാപുരത്തും ഹൈദരാബാദിലും തടയാൻ ശ്രമിച്ച സംഭവം ആർഎസ്എസിന്‍റെ അക്രമ മുഖമാണ് കാട്ടിത്തന്നത്. സിപിഎമിനെ ലക്ഷ്യം വച്ചാണു ആർഎസ്എസ് നീങ്ങുന്നത്. തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ സിപിഎമിനു നേരെയുള്ള ആർഎസ്എസ് അക്രമം വർധിച്ചുവെന്നും ഒൻപത് പാർട്ടി പ്രവർത്തകരെയാണ് ആർഎസ്എസ് കൊലപ്പെടുത്തിയതെന്നും യെച്ചൂരി പറഞ്ഞു. ബിജെപി ഗോ രക്ഷയുടെ പേരിൽ യുപിയിൽ ന്യുനപക്ഷങ്ങളെ പീഡിപ്പിക്കുകയാണ്. ഇവർക്കു നിയമാനുസൃതമായ സംരക്ഷണം നൽകണമെന്നും റോമിയോ സേന എന്ന പേരിൽ സദാചാര ഗുണ്ടായിസം നടത്തുകയാണെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.