സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങൾ ഭദ്രം: ധനമന്ത്രി
- 22/11/2016

ന്യൂഡൽഹി: സംസ്‌ഥാനത്തെ സഹകരണ പ്രസ്‌ഥാനങ്ങളെ തകർക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങൾ ഭദ്രമാണ്. അക്കാര്യത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ല. നിക്ഷേപം നഷ്‌ടപ്പെടുമെന്നു ചൂണ്ടിക്കാട്ടി വാഗ്ദാനങ്ങളുമായി സമീപിക്കുന്ന സ്വകാര്യ പുതുതലമുറ ബാങ്കുകൾക്കു ചെവിക്കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.സഹകരണ സ്‌ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ലാഭവിഹിതം പോലും ഉപയോഗിക്കും. ഏതൊക്കെ മാർഗങ്ങൾ സ്വീകരിക്കാനാകുമെന്നു പരിശോധിക്കും.കേരളത്തിലെ സഹകരണ ബാങ്കുകളെക്കുറിച്ച് ആക്ഷേപമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ജിഎസ്ടി യോഗത്തിൽ വ്യക്‌തമാക്കി.വിഷയം പരിശോധിക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകി. വലിയ പ്രക്ഷോഭങ്ങൾ ഇക്കാര്യത്തിലുണ്ടാകണമെന്നും തോമസ് ഐസക് പറഞ്ഞു. റിസർവ് ബാങ്കിന്റെ ചില കുതന്ത്രങ്ങളാണു സഹകരണ പ്രസ്‌ഥാനങ്ങളെ തകർക്കുന്നതിനു പിന്നിൽ. സ്വകാര്യ ബാങ്കുകളെ സഹായിക്കാനാണു നടപടി. മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടു മടങ്ങിയെത്തുംമുൻപ് ഇക്കാര്യത്തിൽ റിസർവ് ബാങ്ക് മറിച്ചൊരു ഉത്തരവ് പുറപ്പെടുവിച്ചതു സംശയകരമാണ്. കേന്ദ്രവും ആർബിഐയും തമ്മിലുള്ള ഒത്തുകളിയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ ഏതുവിധേനയും സംരക്ഷിക്കുമെന്നു മന്ത്രി ആവർത്തിച്ചു വ്യക്തമാക്കി