വളയാറിലും കോവളത്തും പീഡന പ്രതികൾക്ക് നേരെ പ്രതിക്ഷേധം
- 16/03/2017

കോവളം: എൽകെജി വിദ്യാർഥിനിയായ നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതിയായ സ്കൂൾ ബസിന്റെ ഡ്രൈവർ പിടിയിൽ. പ്രതിയെ കാണണമെന്നാവശ്യപ്പെട്ട് കോവളം പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച നാട്ടുകാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ നിരവധി പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. സംഘർഷം രാത്രിയിലും തുടർന്നു. എൽകെജി വിദ്യാർഥിനിയായ നാല് വയസുകാരിയാണ് അതിക്രമത്തിന് ഇരയായത്. പെൺകുട്ടിയെ ഉപദ്രവിച്ച ബസ് ഡ്രൈവറായ വാഴമുട്ടം സുനിൽ ഭവനിൽ സുനിൽ ദത്ത് (54) ആണ് അറസ്റ്റിലായത്. സ്ഥിരമായി സ്കൂളിലേക്ക് പോകുകയും വരികയും ചെയ്തിരുന്ന സ്കൂൾ ബസിൽ വെച്ച് ബസ് ഡ്രൈവർ പെൺകുട്ടിയെ ഒരു മാസം മുമ്പായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വൈകൃതം കണ്ടതിനെ തുടർന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിലാണ് വിവരം പുറത്തായത്. തുടർന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ പെൺകുട്ടിയുടെ നാട്ടുകാരും ബന്ധുക്കളുമെന്നും അവകാശപ്പെട്ടെത്തിയ ഒരു സംഘം പ്രതിയെ കാണണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. കാര്യങ്ങൾ കൈവിട്ട് പോയതോടെ പ്രതിഷേധക്കാരെ തുരത്താൻ പോലീസ് ലാത്തിവീശി. തുടർന്ന് പ്രതിയെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയ ജീപ്പും സംഘടിച്ചെത്തിയപ്രതിഷേധക്കാർ തടഞ്ഞു. ഇതു വീണ്ടും സംഘർഷത്തിലേക്ക് നയിച്ചു. കല്ലേറിൽ പോലീസുകാർക്കും നിരവധി പ്രതിഷേധക്കാർക്കുംപരിക്കേറ്റു. വീണ്ടും സംഘടിച്ചെത്തിയ പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനു മുൻവശത്തുള്ള റോഡുപരോധിച്ചതോടെ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.സംഘർഷാവസ്ഥയെ തുടർന്ന് എസിപിയുടെ നേതൃത്വത്തിൽ വൻപോലീസ് സന്നാഹം സ്ഥലത്തെത്തി. ഏറെ നേരം ശ്രമിച്ചിട്ടും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാത്തതിനെ തുടർന്ന് പോലീസ് മൂന്നാം തവണയും ലാത്തി വീശിയതോടെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.ലാത്തി ചാർജിൽ പ്രതിഷേധക്കാർക്കും ശക്തമായ കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റു.കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കും കേടുപറ്റി. രാത്രി ഏറെ വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ തെളിവെടുപ്പിനിടെ നാട്ടുകാർ കൈയേറ്റം ചെയ്തു. പ്രതികളെ അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. പോലീസ് ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ എത്തിച്ചത്. വീട്ടിലെത്തി തെളിവെടുക്കുന്നതിനിടയിലാണ് ക്ഷുഭിതരായ നാട്ടുകാർ പ്രതികളെ കൈയേറ്റം ചെയ്തത്. പെണ്‍കുട്ടികളുടെ ബന്ധുക്കളായ പാന്പാംപള്ളം കല്ലങ്കാട് എം. മധു (27), വി. മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജക്കാട് ഷിബു (43), അയൽവാസിയും ട്യൂഷൻ അധ്യാപകനുമായ പ്രദീപ്കുമാർ (34) എന്നിവരാണ് പ്രതികൾ.