നെഹ്റുകോളജിൽ കണ്ട രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പ്
- 15/03/2017

തൃശൂർ: പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കോളജിലെ വിവിധയിടങ്ങളിൽനിന്നു കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിലുള്ള രക്തമെന്നു ഫോറൻസിക് അധികൃതർ സ്ഥിരീകരിച്ചു. രക്തക്കറ പരിശോധിച്ചപ്പോൾ ഒ പോസിറ്റിവ് ഗ്രൂപ്പാണെന്നു വ്യക്തമായി. ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പും ഒ പോസിറ്റീവാണ്. കോളജിലെ പിആർഒയുടെ മുറി, ശൗചാലയം എന്നിവിടങ്ങളിൽനിന്നാണ് അന്വേഷണസംഘം രക്തക്കറ കണ്ടെത്തിയത്. തുടർന്ന് ഇത് തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിനു പരിശോധനയ്ക്കു നല്കുകയായിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ഫോറൻസിക് അധികൃതർ അന്വേഷണസംഘത്തിനു കൈമാറിയിരിക്കുന്നത്. ജിഷ്ണു മർദനത്തിനിരയായി കൊല്ലപ്പെട്ടുവെന്ന ബന്ധുക്കളുടെ ആരോപണത്തിനു ശക്തിപകരുന്നതാണ് ഫോറൻസിക് പരിശോധനാഫലം. രക്തക്കറ ജിഷ്ണുവിന്റേതാണെന്നു തെളിഞ്ഞാൽ കേസിൽ അതു നിർണായക തെളിവാകുമെന്ന് അന്വേഷണസംഘം കരുതുന്നു. ജിഷ്ണു മരിച്ച ദിവസത്തേയും തൊട്ടടുത്ത ദിവസത്തേയും ദൃശ്യങ്ങൾ കോളജിലെ സിസിടിവിയിൽനിന്നു അപ്രത്യക്ഷമായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സിസിടിവിയുടെ ഹാർഡ് ഡിസ്ക് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൽനിന്നു നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഡിഎൻഎ പരിശോധനയ്ക്കായി മാതാപിതാക്കളുടെ രക്ത സാമ്പിൾ ഇന്നലെ നാദാപുരത്തെ താലൂക്ക് ആശുപത്രിയിൽ ശേഖരിച്ചു. കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കും, രക്തക്കറ ജിഷ്ണുവിന്റേതുതന്നെയാണെന്നു സ്ഥിരീകരിക്കാനും മാതാപിതാക്കളുടെ രക്തസാമ്പിളുകൾ പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കോളജിലെ മുറികളിൽനിന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെടുത്ത രക്തക്കറയുടെ പരിശോധനാഫലം പുറത്തുവന്ന സാഹചര്യത്തിലാണ് രക്ത സാമ്പിൾ പരിശോധനയ്ക്കെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛൻ അശോകൻ എന്നിവരുടെ രക്തം ശേഖരിച്ചത്. ക്രൈംബ്രാഞ്ച് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ടി.കെ. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സന്നിഹിതരായിരുന്നു. തൃശൂർ: പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളജിലെ വിവിധ മുറികളിൽനിന്ന് കണ്ടെത്തിയ രക്തക്കറകൾ ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്. കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേതാണോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇതിനായാണ് ഇപ്പോൾ രക്ഷിതാക്കളുടെ ഡിഎൻഎ പരിശോധന നടത്തുന്നത്. ജിഷ്ണുവിന്റെ രക്തമാണെന്നു ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞാൽ ജിഷ്ണുവിന്റെ രക്തം എങ്ങനെ ‘ഇടിമുറി’യിലും മറ്റും വന്നുവെന്നതിന് ഉത്തരം കിട്ടണം. അഥവാ ജിഷ്ണുവിന്റെ രക്തമല്ലെങ്കിൽ അത് ആരുടെ രക്തമാണെന്ന അന്വേഷണവും നടത്തേണ്ടിവരും. മുമ്പും കോളജിൽ ഇത്തരത്തിൽ മർദനം നടന്നിരിക്കാമെന്നതിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.