മിഷേലിന്റെ ചിത്രത്തിനു മുന്നിൽ കൂട്ടായ്മ
- 15/03/2017

സിഎ വിദ്യാർഥികളുടെ മറ്റൊരു കൂട്ടായ്മ പത്മ ജംഗ്ഷൻ മുതൽ മറൈൻഡ്രൈവ് വരെ മൗനജാഥ സംഘടിപ്പിച്ചു. പ്ലക്കാർഡുകളേന്തി വിവിധ സിഎ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നായി 700 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മറൈൻഡ്രൈവിൽ നടന്ന കൂട്ടായ്മയിൽ മിഷേലിന്റെ ചിത്രത്തിനു മുന്നിൽ മെഴുകു തിരികളേന്തിയാണ് വിദ്യാർഥികൾ പങ്കെടുത്തത്. മിഷേലിന്റെ കുടുംബത്തിന് നീതികിട്ടുന്നതു വരെ പോരാടുമെന്നും വിദ്യാർഥികൾ പറഞ്ഞു. വി.എം മോഫിൻ, ദിലീഷ്, നിഖിൽ ഷോണി, മിഥുൻ രാധകൃഷ്ണൻ എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി. കൊച്ചി: കൊച്ചി കായലിൽ സിഎ വിദ്യാർഥിനി മിഷേലിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നേരത്തെ കലൂർ പള്ളിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പരാതിയുണ്ടായ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചത്. പെണ്കുട്ടി പോയി എന്ന് പറയപ്പെടുന്ന ഗോശ്രീ പാലത്തിനു സമീപത്തെയും ഇവിടേക്ക് എത്തുന്ന വഴികളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളിലെയും ദൃശ്യങ്ങളും, കലൂർ ഭാഗത്ത് സ്ഥാപിച്ചിരുന്ന കാമറകളിലെ ദൃശ്യങ്ങളുമാണ് പോലീസ് ശേഖരിച്ചത്. സംഭവ ദിവസം മിഷേലിനെ ഗോശ്രീ പാലത്തിൽ കണ്ടതായി അമൽ വിൽഫ്രഡ് എന്ന യാത്രക്കാരൻ മൊഴി നല്കിയിട്ടുണ്ട്. അതേസമയം കേസിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറി. എഡിജിപി നിഥിൻ അഗർവാളിന്റെ മേൽനോട്ടത്തിലുള്ള സംഘം ഇന്ന് കേസന്വേഷണം ആരംഭിക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ ഈ മാസം 28 വരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡു ചെയ്തു. പിറവം മോളയിൽ ക്രോണിൻ അലക്സാണ്ടർ ബേബി(27)യെയാണ് എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. താൻ നിരപരാധിയാണെന്നും മിഷേലിന്റെ മരണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ക്രോണിൻ കോടതിയെ അറിയിച്ചു. ചൊവ്വാഴ്ചയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ക്രോണിനെ പോലീസ് അറസ്റ്റുചെയ്തത്. കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ താമസിച്ച് സിഎയ്ക്ക് പഠിക്കുകയായിരുന്ന മിഷേലിനെ ഇക്കഴിഞ്ഞ ആറിനാണ് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.