ക്ഷേമ സ്ഥാപനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ മുഖ്യമന്ത്രി
- 15/03/2017

തിരുവനന്തപുരം: ജയിൽ, പോലീസ് ക്യാമ്പുകൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും മറ്റു ക്ഷേമ സ്ഥാപനങ്ങളിലും എസ്റ്റാബ്ലിഷ്മെന്റ് പെർമിറ്റ് പ്രകാരം എപിഎൽ നിരക്കിൽ വിതരണം നടത്തിവന്നിരുന്ന ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എപിഎൽ വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് അനുവദിച്ചിരുന്ന അലോട്ട്മെന്റ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിൽ വന്നതോടെ കേന്ദ്ര സർക്കാർ നിർത്തലാക്കിയ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എസ്റ്റാബ്ലിഷ്മെന്റ് പെർമിറ്റുകൾക്ക് പ്രതിമാസം 227 മെട്രിക് ടണ്‍ അരിയും 87 മെട്രിക് ടണ്‍ ഗോതന്പുമാണ് നൽകേണ്ടത്. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ അന്തേവാസികൾക്കും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കും ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതുവരെ നിലവിലുണ്ടായിരുന്ന എപിഎൽ എസ്റ്റാബ്ലിഷ്മെന്റ് പെർമിറ്റ് സ്പെഷൽ പെർമിറ്റായി പരിവർത്തിപ്പിച്ച് അരിവിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ, അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി മിനി ആന്റണി, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു