ഫയലുകളിലെ നടപടി ധ്രുത ഗതിയിൽ ആക്കും
- 15/03/2017

ഫയൽനീക്കത്തിലെ കാലതാമസം ഒഴിവാക്കാൻ ശക്തമായ നടപടിയെന്ന് തിരുവനന്തപുരം: ഫയൽനീക്കത്തിലെ കാലതാമസം ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പണിറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഒരു ഫയൽ ഒരു ഉദ്യോഗസ്ഥന്റെ കൈയിൽ നടപടികൾക്കായി എത്രദിവസം ഇരിക്കണം എന്നതു സംബന്ധിച്ച് ഉടൻ വ്യവസ്ഥയുണ്ടാക്കും. ഫയൽ നീക്കം പൗരന്റെ അവകാശമാണ്. എന്നാൽ, ഈ അവകാശം നിഷേധിക്കുപ്പെടുകയാണ്. ഇ -ഫയലിംഗ് ശക്തിപ്പെടുത്തും. സമയബന്ധിതമായ ഫയൽനീക്കത്തിന് വകുപ്പ് സെക്രട്ടറിമാർക്ക് ഉദ്യോഗസ്ഥൻമാർക്കുമേൽ ഇടപെടൽ നടത്താം. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്തതതും ജനസൗഹൃദവുമായ സിവിൽ സർവീസാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കാര്യക്ഷമവും തൊഴിൽപരമായ കഴിവു വർധിപ്പിക്കുന്നതിന് പുതിയ പരിശീലന നയം നടപ്പാക്കിവരികയാണ്. ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനായി 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെഎഎസിൽ നിന്ന് സെക്രട്ടേറിയറ്റിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് പ്രതികാരനടപടിയില്ല. ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ തയാറാണ്. എന്നാൽ, നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നിർവഹണത്തിലെ കാലതാമസം ഒഴിവാക്കാൻ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി ചെലവ് കൂടുതൽ വരുന്നത് അവസാന മൂന്നുമാസങ്ങളിൽ എന്നുള്ള കീഴ്വഴക്കത്തിന് മാറ്റം വരുത്തും. മാർച്ചിൽ 15 ശതമാനം പദ്ധതി നിർവഹണം മാത്രമെ നടത്താൻ സാധിക്കൂ എന്നുള്ളതു നിർബന്ധിതമാക്കും. സേവനം കൃത്യമായ സമയത്ത് നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്ന നില ഇന്നും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. സേവനാവകാശ നിയമം കർശനമായി നടപ്പാക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കും. ഓഫീസുകളിൽ കാര്യങ്ങൾ നടത്താൻ ദല്ലാളൻമാരുടെ ആവശ്യമില്ല. എന്നാൽ, ഇപ്പോഴും ഇത്തരം ദല്ലാളൻമാർ സർക്കാർ ഓഫീസുകളിൽ കറങ്ങി നടക്കുന്നു. സെക്രട്ടേറിയറ്റിൽ ഇത്തരക്കാരെ പ്രോൽസാഹിപ്പിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിജിലൻസ് ഇടപെടലിലൂടെ ഭരണത്തിൽ സ്തംഭനാവസ്ഥയില്ല. ഉദ്യോഗസ്ഥർക്ക് അതൃപ്തിയും നിസംഗതയും ഇല്ല. ഹൈക്കോടതിയുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസിന് ചില അടിസ്ഥാന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഫയലുകളിലെ കാലതാമസം വസ്തുതയാണ്. അത് നീക്കാൻ സർക്കാർ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കാലതാമസം സംസ്കാരത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിനു വ്യവസ്ഥകൾ ഉണ്ടാക്കും. വിവിധ വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന്റെ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കും.