സ്ത്രീ പീഡന കേസുകളിൽ തിരുവനന്തപുരം മുന്നിൽ
- 15/03/2017

FIR എടുത്ത് പ്രതിയെ പിടികൂടാതെ രക്ഷിക്കുന്നത് തിരുവനന്തപുരം മുന്നിൽ തിരുവനന്തപുരം : കേരളത്തിൽ സ്ത്രീ പീഡന കേസുകളിൽ സംസ്ഥാന തലസ്ഥാനം ഒന്നാമത്. ഈ വർഷം ജൂലൈ വരെയുള്ള ഏഴു മാസങ്ങൾക്കിടയിൽ തിരുവനന്തപുരത്തു മാത്രം 1050 സ്ത്രീ പീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ കാലയളവിൽ സംസ്ഥാനത്ത് ആകെ 7909 സ്ത്രീ പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ സിറ്റി പൊലീസിന്റെ കീഴിൽ 362 കേസുകളും റൂറലിൽ 688 കേസുകളുമാണുള്ളത്. ഇതിൽ 176 കേസുകൾ ലൈഗീക പീഡന കേസുകളാണ്. 17 കടത്തിക്കൊണ്ടുപോകൽ കേസുകളും 833 അതിക്രമ കേസുകളും ഉണ്ട്. ലൈഗീക ചുവയോടെ സംസാരിച്ചതിന് എതിരേയുള്ള 36 കേസുകളുണ്ട്. ആറു കേസുകൾ സ്ത്രീധന വിരുദ്ധ നിയമ പ്രകാരമുള്ള മരണത്തെ തുടർന്നുള്ളതാണ്. കഴിഞ്ഞ വർഷം ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്തത് 1649 കേസുകളായിരുന്നു. 2014ൽ ഇത് 1807 ആയി ഉയർന്നു. സ്ത്രീ പീഡന കേസുകളിൽ മലപ്പുറം ജില്ലയാണു രണ്ടാം സ്ഥാനത്ത്- കഴിഞ്ഞ ജൂലൈ വരെ 861 കേസുകൾ. ഇതിൽ 106 പീഡന കേസുകളും 160 അതിക്രമ കേസുകളും രണ്ടു തട്ടിക്കൊണ്ടുപോകൽ കേസുകളും ഉൾപ്പെടുന്നു. സ്ത്രീധന പീഡന വിരുദ്ധ നിയമ പ്രകാരമുള്ള കൊലപാതക കേസും നിലവിലുണ്ട്. 2015ൽ 1,474 സ്ത്രീ പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2014ൽ 1457 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ സുരക്ഷയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കാര്യമായ മാറ്റങ്ങൾ ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മൂന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ലയും നാലാമത് എറണാകുളം, തൃശൂർ ജില്ലകളുമാണ്. കോഴിക്കോട് 754 സ്ത്രീ പീഡന കേസുകളും എറണാകുളം, തൃശൂർ ജില്ലകളിൽ 743 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം കോഴിക്കോട് 1321ഉം എറണാകുളത്ത് 1150ഉം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം കേസുകൾ കുറവ് തൃശൂർ നഗരത്തിലാണ്. 199 കേസുകൾ മാത്രമാണ് കഴിഞ്ഞ ഏഴു മാസങ്ങളിൽ തൃശൂർ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 403 ആയിരുന്നു. 2014ൽ 542. സ്ത്രീ പീഡന കേസുകൾ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 35 ബലാത്സംഗ കേസുകളും 102 അതിക്രമ കേസുകളും അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ കേസുകളുമുൾപ്പെടെ 247 കേസുകളാണ് വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 415 കേസുകൾ ആയിരുന്നു. കേസുകൾ ഏറ്റവും കുറവുള്ള ജില്ലകളിൽ രണ്ടാം സ്ഥാനം കോട്ടയത്തിന്. 45 ബലാത്സംഗ കേസുകളും 130 അതിക്രമ കേസുകളും ഒരു തട്ടിക്കൊണ്ടുപോകൽ കേസും ഉൾപ്പെടെ 277 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 2015ൽ ഇത് 405ഉം 2014ൽ ഇത് 522ഉം ആയിരുന്നു.