തീരദേശവാസികൾ അനാഥരാകുന്നു :അടിയന്തര നടപടി സ്വീകരിക്കണം എ.കെ. ആന്റണി
- 22/11/2016

തീരദേശവാസികൾ അനാഥരായി മാറുന്നു: എ.കെ. ആന്റണി ന്യൂഡൽഹി: രാജ്യത്തെ തീരദേശവാസികളെ സംരക്ഷിക്കാൻ ഭരണകൂടം തയാറാവാത്ത സാഹചര്യത്തിൽ അവർ അനാഥരായി മാറുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി പ്രത്യേക വകുപ്പ് കേന്ദ്രസർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മത്സ്യത്തൊഴിലാളി മേഖല നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചത്. രാജ്യത്തെ സാമ്പത്തിക മേഖല പുരോഗതിയിലെന്നു പറയുന്നവർ തീരദേശ മേഖലയെ അവഗണിക്കുകയാണെന്ന് ആന്റണി പറഞ്ഞു. പൊതുവിപണിയിൽ വാങ്ങേണ്ട നിത്യോപയോഗ സാധനങ്ങൾ പോലും കരിഞ്ചന്തയിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ വാങ്ങുന്നത്. ഇവർക്കു പ്രത്യേകമായ വകുപ്പ് രൂപീകരിക്കുവാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണം. വിദേശ ബോട്ടുകളെ നിയന്ത്രിച്ചു തൊഴിൽ ചെയ്യുവാനുള്ള സാഹചര്യം ഒരുക്കണം. ന്യായമായ അവകാശമായ കുടിവെള്ളം പോലും ഇവർക്ക് ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടകം, ഗോവ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ മാർച്ചിൽ പങ്കെടുത്തു