സിഎ വിദ്യാർഥിനിയുടെ മരണം: സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച്
- 13/03/2017

കൊച്ചിയിൽ സിഎ വിദ്യാർഥിനിയുടെ മരണം: സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാർഥിനി മിഷേൽ ഷാജി വർഗീസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിൽ ചർച്ചയായതോടെ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സംഭവദിവസം കലൂർ പള്ളിയിൽനിന്നു പ്രാർഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കിൽ രണ്ടു പേർ പിന്തുടരുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഒരാഴ്ചയായിട്ടും ഇവരെ സംബന്ധിച്ചു പോലീസിനു യാതൊരു വിവരവുമില്ല. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നു പോലീസ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയോടു പ്രണയാഭ്യർഥന നടത്തി ശല്യം ചെയ്തിരുന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ഇയാൾ ഇന്നു പോലീസ് സ്റ്റേഷനിൽ ഹാജരായേക്കും. പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫാകുന്നതിനു മുന്‍പ് അവസാനമായി ഇയാളാണു വിളിച്ചത്. മരണപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ രണ്ടുപേർ തടഞ്ഞുനിർത്തി ശല്യം ചെയ്തതായി പെണ്‍കുട്ടി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. അതിനിടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പറയുന്നത്. എന്നാൽ, റിപ്പോർട്ട് ബന്ധുക്കൾക്കു ലഭിച്ചിട്ടില്ലെന്നു പിതാവ് ഷാജി വർഗീസ് പറഞ്ഞു. റിപ്പോർട്ടിലെ കാര്യങ്ങൾ അങ്ങനെയാണെങ്കിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് ആദ്യം എത്തിച്ചത്. എന്നാൽ, ബന്ധുക്കൾ ദുരൂഹതയാരോപിച്ചതിനാൽ പോസ്റ്റ്മോർട്ടം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും പെണ്‍കുട്ടി ഗോശ്രീ പാലത്തിലൂടെ കരഞ്ഞുകൊണ്ടു പോകുന്നതു കണ്ട ഒരാളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ആത്മഹത്യയാകാനാണു കൂടുതൽ സാധ്യതയെന്നാണു പോലീസ് നിഗമനം. പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു സാമൂഹ്യ മാധ്യമങ്ങളിൽ സിനിമാതാരങ്ങളുൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.