വി.എസ്. അച്യുതാനന്ദൻ വാളയാർപെണ്കുട്ടികളുടെ വീട് സന്ദർശിച്ച
- 11/03/2017

വാളയാർ: പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദർശിച്ച വി.എസ്. അച്യുതാനന്ദൻ ആഭ്യന്തരവകുപ്പിനെ രൂക്ഷമായി വിമർശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ എത്തിയ വി.എസ്. പെണ്‍കുട്ടികളുടെ അമ്മയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നാണു പോലീസിനെതിരേ വാക്ശരങ്ങൾതൊടുത്തത്. സംഭവത്തിൽ പോലീസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടെടുത്തതായി അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് പ്രതികളുമായി ചേർന്നു നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതായും വാളയാറിലെ കുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ്. പറഞ്ഞു. ഇത്തരം ദുരനുഭവങ്ങൾ മറ്റൊരു കുടുംബത്തിനും ഇനിയുണ്ടാകരുത്. നീതികേടു കാണിച്ച പോലീസുകാർക്കെതിരേ കർശന നടപടിയെടുക്കണമെന്നു പറഞ്ഞ വി.എസ്, സിപിഎം നേതാക്കൾക്കു സംഭവവുമായി ബന്ധമുണ്ടെന്നു പറയുന്നതു കെട്ടിച്ചമച്ച കഥയാണെന്നും കൂട്ടിച്ചേർത്തു. കളക്ടർ പി. മേരിക്കുട്ടി, സിപിഎം നേതാക്കൾ എന്നിവരും വിഎസിനെ അനുഗമിച്ചിരുന്നു. പിന്നീട്, കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തി.