ട്രെയിൻ ദുരന്തം: മരണം 146 ആയി
- 22/11/2016

കാൺപുർ: ഉത്തർപ്രദേശിലെ പുഖ്റായനിൽ ഇൻഡോർ–പാറ്റ്ന എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം.14 ബോഗികളാണു പാളം തെറ്റിയത്. എല്ലാ ബോഗികളും ഇന്നലെ അർധരാത്രിയോടെ നീക്കം ചെയ്തു. 110 പേരെ തിരിച്ചറിഞ്ഞതായി കാൺപുർ റേഞ്ച് ഐജി സക്കി അഹമ്മദ് പറഞ്ഞു. പുഖ്റായനിൽനിന്ന് ഇന്നലെ അർധരാത്രി വരെ 120 മൃതദേഹങ്ങളാണു തകർന്ന ബോഗികൾക്കിടയിൽനിന്നു രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. എസ്1, എസ്2 കോച്ചിലുണ്ടായിരുന്നവരാണു മരിച്ചവരിലേറെയും. 105 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തതായി ചീഫ് മെഡിക്കൽ ഓഫീസർ രാമായൺ പ്രസാദ് പറഞ്ഞു. ഇവർക്ക് സൗജന്യ ആംബുലൻസ് സൗകര്യവും നല്കി. 24 മൃതദേഹങ്ങൾ ബിഹാറിലേക്കും 25 മൃതദേഹങ്ങൾ മധ്യപ്രദേശിലേക്കും 56 മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലേക്കുമാണ് വിട്ടുകൊടുത്തത്. പരിക്കേറ്റ 202 പേരിൽ 83 പേർ കാൺപുരിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരിൽ 73 പേരുടെ നില ഗുരുതരമാണ്. റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ നിർദേശപ്രകാരം ഉന്നതതല സംഘമാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നത്.