മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജൻ ഇന്നു ചുമതലയേൽക്കും
- 06/03/2017

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജൻ ഇന്നു ചുമതലയേൽക്കും തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ ഇന്നു ചുമതലയേൽക്കും. രാഷ്ട്രീയവും നയപരവുമായ കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണു ജയരാജനെ നിയമിക്കാൻ കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. മുഖ്യമന്ത്രി തന്നെയാണ് എം.വി. ജയരാജന്റെ പേരു നിർദേശിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അന്തിമ അംഗീകാരം നൽകുകയായിരുന്നു. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനാണ് എം.വി. ജയരാജൻ. രണ്ടു തവണ എംഎൽഎയായിരുന്നു. ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടിയായി ഐടി സെക്രട്ടറി കൂടിയായ എം. ശിവശങ്കറാണ് പ്രൈവറ്റ് സെക്രട്ടറി പദവിയിലുള്ളത്. ഐടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം പ്രധാനമായും നോക്കുന്നത്. എം.വി. ജയരാജനെ പോലെ സംഘാടന മികവുള്ള വ്യക്തി എത്തുമ്പോൾ ഭരണം കൂടുതൽ കാര്യക്ഷമമാകുമെന്നാണു വിലയിരുത്തൽ. കണ്ണൂരിൽ നിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്തെത്തുന്ന ജയരാജൻ മുഖ്യമന്ത്രിയെ കണ്ട ശേഷം ചുമതലയേൽക്കും. ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടിയായി എം. ശിവശങ്കർ തുടരും. പൊളിറ്റിക്കൽ സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പുത്തലത്ത് ദിനേശനെ നേരത്തെ നിയമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉണ്ടെങ്കിലും ഈ മാസം 31ന് എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിൽ അവർ ചീഫ് സെക്രട്ടറിയാകും. ഇതോടെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങളാണു നടക്കുന്നത്. ഫയൽനീക്കം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടു മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റ് സർവീസിൽ നിന്നു വിരമിച്ച അഡീഷണൽ സെക്രട്ടറി എം. രാജശേഖരൻനായരെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. മുൻ കാലങ്ങളിൽ സിപിഎം മുഖ്യമന്ത്രിമാരുടെ ഓഫീസിൽ പാർട്ടി നോമിനികളായി പ്രധാനപ്പെട്ട രണ്ടു പേരുണ്ടാകുമായിരുന്നു.