കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഗണിത വിഭാഗം മേധാവി പീഡിപ്പിച്ചതായി
- 06/03/2017

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഗണിത വിഭാഗം മേധാവി പീഡിപ്പിച്ചതായി പരാതി കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഗണിത വിഭാഗം മേധാവി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു വിദ്യാർഥിനികളുടെ പരാതി. ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ മൂന്നു പേരാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകിയത്. കഴിഞ്ഞ ഡിസംബറിൽ വകുപ്പു മേധാവി അദ്ദേഹത്തിന്റെ ഓഫീസിൽ വിളിപ്പിച്ച് അപമാനിച്ചുവെന്നാണു പരാതി. സെമിനാറുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഓഫീസിലേക്കു വിളിപ്പിച്ചശേഷം വാതിലും ജനലും അടച്ച് കർട്ടനിട്ടു മറച്ചശേഷം മോശമായ രീതിയിൽ സംസാരിക്കുകയും ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പിജി വിദ്യാർഥികൾ പറഞ്ഞത്. ഭയന്നുപോയ അവർ മുറി തുറന്നു രക്ഷപ്പെടുകയായിരുന്നുവത്രെ. വിദ്യാർഥിനികളെ ഓരോരുത്തരെയായി തനിച്ചു വിളിപ്പിച്ചായിരുന്നു മോശമായി പെരുമാറിയതെന്നും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് വൈസ് ചാൻസലർക്കു പേരുവയ്ക്കാതെ കത്തെന്ന രൂപേണ പരാതി അയച്ചിരുന്നുവെങ്കിലും ഊമക്കത്തെന്ന നിലയിൽ അദ്ദേഹം അവഗണിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥിനികളുടെ ദുഃഖം. രാഷ്ട്രീയമായും മറ്റും വലിയ സ്വാധീനമുള്ളയാളാണ് വകുപ്പു മേധാവിയെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ തങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്നും വിദ്യാർഥിനികൾ മന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു. കുറ്റക്കാരനെതിരേ നടപടിയെടുക്കുന്നതിനൊപ്പം പെൺകുട്ടികൾക്കു നിർഭയമായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കണമെന്നും വിദ്യാർഥിനികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. വിദ്യാർഥിനികളോടു മോശമായി പെരുമാറിയതു സംബന്ധിച്ചു മാങ്ങാട്ട്പറമ്പ് കാമ്പസിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും സംഭവം സംബന്ധിച്ച് യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നും പരാതിയുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രി വകുപ്പുതല അന്വേഷണത്തിനു നിർദേശിക്കുകയും രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ വകുപ്പുമേധാവി മോശമായി പെരുമാറിയിട്ടുണ്ടെന്നും വിദ്യാർഥിനികളുടെ പരാതി ഗൗരവമുള്ളതാണെന്നുമാണ് കണ്ടെത്തിയത്