പോലീസിനു ബോഡികാമറ ലോക്നാഥ് ബെഹ്റ.
- 05/03/2017

ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കു ബോഡി കാമറ യൂണിഫോമിന്റെ ഭാഗമായി ഉടൻ ലഭ്യമാക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേരള പോലീസ് അസോസിയേഷൻ ദ്വിദിന ശിൽപശാല ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാറശാല മുതൽ മഞ്ചേശ്വരം വരെ ദേശീയപാതയിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചു കേന്ദ്രീകൃത കാമറ സംവിധാനം ഏർപ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു. റഡാർ സംവിധാനത്തിലുള്ള ഈ ക്രമീകരണത്തിലൂടെ റോഡിലെ സുരക്ഷയും പ്രവർത്തനങ്ങളും കൃത്യമായി ഉറപ്പുവരുത്താൻ കഴിയും. കുറ്റാന്വേഷണവും ക്രമസമാധാന പരിപാലനവും വേർതിരിക്കുന്നതു സംബന്ധിച്ചു ചിന്തിച്ചിട്ടില്ല. സംസ്ഥാനത്തു സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ പ്രവർത്തനംതുടങ്ങി. 300 പേർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതികവിദ്യ കേസന്വേഷണത്തിൽ നല്ല രീതിയിൽ ഉപയോഗിക്കാനാകും. അങ്ങനെയെങ്കിൽ പോലീസിന്റെ ജോലിഭാരം കുറയ്ക്കാൻ കഴിയുമെന്നും ഡിജിപി ചൂണ്ടിക്കാട്ടി. ഓഡിയോ, വീഡിയോ റിക്കാർഡിംഗ് തെളിവാക്കാൻ കഴിയില്ല. എന്നാൽ, ഈ റിക്കാർഡിംഗ് ഫോറൻസിക് ലബോറട്ടറിയിലെ സ്പെക്ട്രോ കോപ്പിയിൽ അനലൈസ് ചെയ്ത് ആ റിപ്പോർട്ടും കൂടി ഹാജരാക്കാൻ പലരും മുതിരാറില്ല. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, ജില്ലാ പോലീസ് മേധാവി ബി. അശോകൻ, അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സി.ആർ. ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് വി. ഷാജി നന്ദിയും പറഞ്ഞു. മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് ക്ലാസെടുത്തു.