മേലധികാരിക്കെതിരേ പ്രസ്താവന നടത്തിയ മലയാളി സൈനികൻ മരിച്ചനിലയിൽ
- 03/03/2017

മേലധികാരിക്കെതിരേ പ്രസ്താവന നടത്തിയ മലയാളി സൈനികൻ മരിച്ചനിലയിൽ കൊട്ടാരക്കര: മേലധികാരിക്കെതിരേ സ്വകാര്യ ചാനലിൽ പ്രസ്താവന നടത്തിയ മലയാളി സൈനികനെ മരിച്ചനിലയിൽ കണ്ടെത്തി. ദുരൂഹതയെന്ന് ബന്ധുക്കൾ. കൊട്ടാരക്കര എഴുകോണ് കാരുവേലിൽ ചെറുകുളത്ത് വീട്ടിൽ റോയി മാത്യു(33) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിൽ ദേവദാലിയിലെ സൈനിക ക്യാമ്പിനു സമീപത്ത് മൃതദേഹം കണ്ടെത്തിയെന്നാണ് ഇന്നലെ രാവിലെ എട്ടിനു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുമെന്നാണു വിവരം. നാസിക് റെജിമെന്റ് 214 ലാണ് റോയി മാത്യുവിന് ജോലി. കഴിഞ്ഞ 24ന് ക്യാമ്പിനു പുറത്തുപോയപ്പോൾ ക്വിന്റ് എന്ന വെബ് പോർട്ടർ ചാനലുകാർ രഹസ്യകാമറയുമായി ഇദ്ദേഹത്തെ സമീപിച്ചു. സംഭാഷണത്തിനിടയിൽ മേലധികാരിയുടെ പീഡനങ്ങളെക്കുറിച്ചും വീട്ടുവേല ചെയ്യിക്കുന്നതിനെക്കുറിച്ചും ജോലിഭാരത്തെക്കുറിച്ചും റോയി മാത്യുവും കൂടെയുണ്ടായിരുന്ന നാലു സൈനികരും പറഞ്ഞിരുന്നു. ഇതിനുശേഷം രാത്രിയോടെ ക്യാമ്പിലെ മുറിയിലെത്തിയപ്പോഴാണു ചാനലിൽ താൻ പറഞ്ഞത് അടക്കം വാർത്തയായ വിവരം റോയി അറിഞ്ഞത്. ഉടൻതന്നെ വീട്ടിൽ വിളിച്ച് ഭാര്യയോട് ഉണ്ടായ സംഭവങ്ങൾ പറയുകയും തന്റെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നു പറയുകയും ചെയ്തു. ഇതു പറഞ്ഞു തീർന്നയുടൻ കട്ടായ ഫോണ് പിന്നീട് സ്വിച്ച് ഓഫ് ആണ്. രണ്ടു ദിവസം കഴിഞ്ഞിട്ടും വിവരം ഒന്നുമില്ലാതെ വന്നതോടെ ബന്ധുക്കൾ നാസിക്കിലെ സൈനിക ക്യാമ്പിലേക്ക് ബന്ധപ്പെട്ടിരുന്നു. റോയി മാത്യു ഉൾപ്പെടെ അഞ്ച് പേരെ കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിയാണ്. മൃതദേഹം നാസിക്കിൽ തന്നെ സംസ്കരിക്കുമെന്നുമാണ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്. മോനച്ചൻ - സെൽവി ദമ്പതികളുടെ മൂത്ത മകനാണു റോയി. ഭാര്യ: ഫിനി.