അക്രമം തടയാൻ മുഖംനോക്കാതെ നടപടി: മുഖ്യമന്ത്രി
- 22/11/2016

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ തടയാൻ പോലീസിനു കർശന നിർദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. അറസ്റ്റ് ചെയ്യുന്നവരെ ആൾബലത്തിന്റെയും സമ്മർദത്തിന്റെയും അടിസ്‌ഥാനത്തിൽ പോലീസ് സ്റ്റേഷനിൽനിന്നു മോചിപ്പിക്കുന്ന നടപടി ഇനിയുണ്ടാകില്ല. ഇക്കാര്യത്തിൽ പോലീസ് നിഷ്പക്ഷമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആയുധനിർമാണവും ബോംബ് നിർമാണവും തടയാൻ സർക്കാൻ നടപടി സ്വീകരിക്കും. നിർമാണസ്‌ഥലങ്ങൾ കണ്ടെത്താൻ പോലീസിനു പ്രത്യേക നിർദേശം നൽകിയതായും കണ്ണൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.അക്രമം ആരുടെഭാഗത്തു നിന്നുണ്ടായാലും രാഷ്ട്രീയ നേതൃത്വം തള്ളിപ്പറയും. പ്രധാന സ്‌ഥലങ്ങളിലെല്ലാം സിസിടിവി കാമറകൾ സ്‌ഥാപിക്കും. ഇക്കാര്യം സർക്കാർ നേരത്തേ തീരുമാനിച്ചതാണ്. വീടുകളും പാർട്ടി ഓഫീസുകളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഇതു നിരപരാധികളായവരുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നു. ഇതു തടയാൻ ശക്‌തമായ നടപടികൾ സ്വീകരിക്കും. രാഷ്ട്രീയപാർട്ടികളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേകമായി ഉഭയകക്ഷി ചർച്ച നടത്തും. എല്ലാ പാർട്ടികളുടെയും സഹകരണം ഇക്കാര്യത്തിൽ തേടും. അക്രമം സ്‌ഥിരമായി നടക്കുന്ന സ്‌ഥലങ്ങളിലും നടക്കാൻ സാധ്യതയുണ്ടെന്നു പോലീസ് പറയുന്ന സ്‌ഥലങ്ങളിലും പ്രാദേശിക നേതാക്കളുടെ യോഗം ചേരും. ജില്ലാ നേതൃത്വങ്ങളുടെ സാന്നിധ്യത്തിലായിരിക്കും യോഗങ്ങൾ. സംസ്‌ഥാനത്തെ ചില ആരാധനാലയങ്ങൾ ചില പ്രത്യേക പാർട്ടിക്കാർ കൈവശം വയ്ക്കുന്നു. ഇത് അവരുടെ രാഷ്ട്രീയ കേന്ദ്രമായി മാറുന്നു. ഒരുതരത്തിലും ഇതനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ബിജെപി നേതാക്കൾ പോലീസ് കണ്ണൂരിൽ നിഷ്പക്ഷത കാണിക്കുന്നില്ലെന്ന പ്രധാന ആരോപണമാണ് ഉന്നയിച്ചത്. സിപിഎം–ബിജെപി നേതൃത്വങ്ങൾ വിചാരിച്ചാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം പൂർണമായും അവസാനിപ്പിക്കാൻ കഴിയുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. നേതാക്കളെ കൂടാതെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും പങ്കെടുത്തു.