• 18 September 2025
  • Home
  • About us
  • News
  • Contact us

സംസ്ഥാനത്ത് അരിവില പിടിച്ചുനിർത്തും

  •  
  •  01/03/2017
  •  


തിരുവനന്തപുരം ; സംസ്ഥാനത്ത് അരിവില പിടിച്ചുനിര്‍ത്താനും സുലഭമായി അരിയും പലവ്യഞ്ജനങ്ങളും ലഭ്യമാക്കാനും സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍. 25 രൂപയ്ക്ക് ജയ അരിയും 24 രൂപയ്ക്ക് മട്ട അരിയും 22 രൂപയ്ക്ക് പഞ്ചസാരയും ലഭ്യമാക്കുന്നു. സപ്ളൈകോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകള്‍ വഴിയും സര്‍ക്കാര്‍ പുതുതായി ആരംഭിച്ച അരിക്കടകള്‍ വഴിയുമാണ് ന്യായവിലയ്ക്ക് ഈ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ആരംഭിച്ച അരിക്കടകള്‍ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനും തീരുമാനിച്ചു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ വരള്‍ച്ച നെല്ലുല്‍പ്പാദനത്തെ ബാധിച്ചതിനാല്‍ ജയ അരിക്ക് വില വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജയ അരി കൂടുതല്‍ വിപണിയിലെത്തിച്ചു. ജനുവരിമുതല്‍ ടെന്‍ഡര്‍ വിളിച്ച് വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 5.6 ലക്ഷം ക്വിന്റല്‍ ജയ അരിയും 5.4 ലക്ഷം ക്വിന്റല്‍ മട്ട അരിയും വാങ്ങി. ആന്ധ്രയ്ക്ക് പുറത്തുനിന്നുള്ള ജയയും എഫ്സിഐയില്‍നിന്ന് ലഭിക്കുന്ന പുഴുക്കലരിയും കുറുവ അരിയും ഔട്ട്ലെറ്റുകളില്‍ ലഭ്യമാക്കി അരിയുടെ കുറവ് നികത്താനും നടപടിയെടുത്തു. വടക്കന്‍ കേരളീയര്‍ക്ക് പ്രിയമുള്ള കുറുവ അരി എല്ലായിടത്തും ലഭ്യമാക്കാനും നടപടിയെടുത്തു. കുറുവ കിലോയ്ക്ക് 25 രൂപയ്ക്ക് സബ്സിഡി നിരക്കിലും പച്ചരി 23 രൂപയ്ക്കും നല്‍കുന്നുണ്ട്. പൊതുമേഖല സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ കുട്ടനാടന്‍ മട്ട അരി കിലോഗ്രാമിന് 33 രൂപ നിരക്കിലും ലഭിക്കും. ഉത്തരേന്ത്യയിലെ വരള്‍ച്ചയും കരിമ്പുകൃഷിയിലുണ്ടായ വിളനഷ്ടവുംമൂലം പഞ്ചസാരവിലയും വര്‍ധിച്ചു. വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാനായി സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ 40 രൂപയ്ക്കുമുകളില്‍ വില നല്‍കി വാങ്ങുന്ന പഞ്ചസാര, കിലോയ്ക്ക് 22 രൂപ നിരക്കിലാണ് സബ്സിഡിയോടെ വിതരണം ചെയ്യുന്നത്. ഏകദേശം 40,000 ക്വിന്റല്‍ പഞ്ചസാര കിലോയ്ക്ക് ഓരോ മാസവും വന്‍തുക നഷ്ടം സഹിച്ചാണെങ്കിലും സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. സപ്ളൈകോ, സബ്സിഡി നിരക്കില്‍ നല്‍കിവരുന്ന ചെറുപയര്‍, കടല, വന്‍പയര്‍, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ് തുടങ്ങിയവയെല്ലാം സപ്ളൈകോ വിപണനകേന്ദ്രങ്ങളില്‍ പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. ബംഗാളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കും തിരുവനന്തപുരം> അരിവില നിയന്ത്രിക്കാന്‍ അരി ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിച്ച് കണ്‍സ്യൂമര്‍ഫെഡ് വിതരണംചെയ്യുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. മാര്‍ച്ച് 10നകം വിപണിയിലെത്തിക്കാനാണ് ശ്രമം. ഇതിനായി 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. പശ്ചിമ ബംഗാളില്‍നിന്ന് കുറഞ്ഞ നിരക്കില്‍ അരി എത്തിക്കാനാണ് ശ്രമം. ആന്ധ്ര അരി വിതരണക്കാരുമായി ചര്‍ച്ച നടത്തിയെങ്കിെലും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാകാത്തതിനാലാണ് സര്‍ക്കാര്‍ നിയോഗിച്ച സംഘം ബംഗാളിലേക്ക് പോയത്. രാജ്യത്ത് മിക്കയിടത്തും അരിവില കുതിക്കുകയാണ്. ആന്ധ്രയില്‍ 46 മുതല്‍ 49 രൂപവരെയും ഗുജറാത്തില്‍ 30 മുതല്‍ 35 രൂപവരെയും യുപിയില്‍ 29 മുതല്‍ 32 രൂപവരെയുമാണ് വില. കുറുവ, മട്ട, മസൂരി തുടങ്ങിയ അരി ഇനങ്ങള്‍ക്ക് വന്‍ വിലവര്‍ധനയാണ്. ആന്ധ്രയടക്കം അരി ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനവും സംഭരണവും കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങിയ ഇനത്തില്‍ 200 കോടിയിലധികം രൂപ കൊടുത്തുതീര്‍ക്കാനുണ്ടായിരുന്നു. ഇതുമൂലം പലരും അരി നല്‍കാന്‍ തയ്യാറായില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം 241 വിതരണക്കാര്‍ക്ക് 52 കോടി നല്‍കി. ബാക്കി 157 കോടി നല്‍കാന്‍ നടപടി ആരംഭിച്ചെന്നും ബി ഡി ദേവസി, വി ജോയി, കെ വി വിജയദാസ് എന്നിവരെ മന്ത്രി അറിയിച്ചു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar