ഭാവനയെആക്രമിച്ച പൾസർസുനിയുംവിജീഷും പോലീസ് കസ്റ്റഡിയിൽ
- 24/02/2017

ഭാവനയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയും കൂട്ടാളി വിജീഷും എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാൻ എത്തിയതും കോടതിമുറിയിൽനിന്നു പോലീസിന്റെ പിടിയിലാവുന്നതുമായ രംഗങ്ങൾ ആക്ഷൻ സിനിമകളിലെ ത്രസിപ്പിക്കുന്ന രംഗങ്ങൾക്കു തുല്യം. ഇന്നലെ ഉച്ചയ്ക്ക് 1.10 നായിരുന്നു കോടതിവളപ്പിലെ നാടകീയരംഗങ്ങളുടെ തുടക്കം. പൾസർ ബൈക്കിൽ സുനിയും വിജീക്ഷും കോടതിക്കു സമീപത്തെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് ആദ്യമെത്തിയത്. അഭിഭാഷകരുടേതുപോലെ വെളുത്ത ഷർട്ടായിരുന്നു സുനിയുടെ വേഷം. ജാക്കറ്റും ഹെൽമെറ്റും ഇരുവരും ധരിച്ചിരുന്നു. ബൈക്ക് ഗ്രൗണ്ടിൽ വച്ചശേഷം മതിൽ ചാടിക്കടന്നു പിൻവശത്തു കൂടി കോടതി വളപ്പിലേക്കു കയറി. കോടതിക്കു മുന്നിൽ കാവലുണ്ടായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ കോണിപ്പടികൾ കയറി ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന എസിജെഎം കോടതി മുറിയിലേക്കു ഞൊടിയിടയിലെത്തി. ഹെൽമെറ്റും ജാക്കറ്റും ഊരി കൈയ്യിൽ പിടിച്ചാണു മുറിയിൽ കയറിയത്. 1.20 ന് ഇരുവരും വിസ്താരക്കൂട്ടിൽ കയറി നിലയുറപ്പിച്ചു. കോടതിയിൽ ഇവരുടെ അഭിഭാഷകർ ഉണ്ടായിരുന്നു. മജിസ്ട്രേട്ട് ഈസമയം ഭക്ഷണം കഴിക്കുന്നതിനായി ചേംബറിലേക്കു പോയിരുന്നു. പ്രതികൾ വിസ്താരക്കൂട്ടിൽ കയറിനിന്നശേഷമാണു കോടതി പരിസരത്തു മഫ്തിയിലുണ്ടായിരുന്ന പോലീസുകാർക്ക് ആളെ മനസിലായത്. പിന്നെ മിന്നുംവേഗത്തിലായിരുന്നു അവരുടെ നീക്കങ്ങൾ.1.25ന് മഫ്തി പോലീസും വിവരമറിഞ്ഞു പാഞ്ഞെത്തിയ സിഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘവും കോടതിമുറിയുടെ മുന്നിലെത്തി. അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന പോലീസ് പ്രതികളെ വിസ്താരക്കൂട്ടിൽനിന്നിറക്കാനുള്ള ശ്രമമായി. ഇതുകണ്ട അഭിഭാഷകരിൽ ചിലർ പോലീസിനെ ചെറുത്തു. അതു വകവയ്ക്കാതെ പോലീസ് പ്രതികളെ ബലംപ്രയോഗിച്ചു കൂട്ടിൽനിന്നിറക്കി. കൂട്ടിൽനിന്നിറങ്ങിയ സുനിയും വിജീഷും കോടതിയുടെ ജനൽകമ്പികളിൽ പിടിച്ചുതൂങ്ങി പരമാവധി ചെറുത്തുനിന്നെങ്കിലും പോലീസ് കമ്പിയഴിയിൽനിന്നു പിടിവിടുവിച്ചു കോടതിമുറിയിൽനിന്നു പുറത്തെത്തിച്ചു. അവിടെനിന്നു താഴത്തെനിലയിലേക്കും. അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയടക്കമുള്ളവരും ഇതിനിടെ സ്ഥലത്തെത്തിയിരുന്നു. കോടതിയിൽ ഉച്ചഭക്ഷണ സമയമായതിനാൽ ചുരുക്കം അഭിഭാഷകർ മാത്രമേ കോടതി മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ജഡ്ജി ചേംബറിൽ ആയിരുന്നതിനാൽ പോലീസിനു കാര്യങ്ങൾ എളുപ്പമായി. ഒന്നരയോടെ പ്രതികളെ വാഹനത്തിൽ കയറ്റി പോലീസ് സ്ഥലംവിട്ടു. ജഡ്ജിയുടെ മുന്നിൽ കീഴടങ്ങാമെന്ന പ്രതീക്ഷയിലാണു പ്രതികൾ അവരുടെ അഭിഭാഷകരുടെ ഒത്താശയോടെ കോടതിയിലെത്തിയത്. ഇവർ എത്തുന്നതിന് അൽപം മുമ്പു ജഡ്ജി ഉച്ചഭക്ഷണത്തിനു പോയതോടെ കണക്കുകൂട്ടലുകൾ പിഴച്ചു. കോടതി മുറിക്കുള്ളിൽ കയറി പോലീസ് കസ്റ്റഡിയിൽ എടുക്കില്ലെന്നു കരുതിയതും തെറ്റി. രണ്ടും കൽപിച്ചു പോലീസ് പ്രതികരിച്ചതോടെ ആറു ദിവസത്തെ ഒളിച്ചുകളിക്കുശേഷം സുനിയും കൂട്ടാളിയും വലയിലായി. കൊച്ചി: ഭാവനയെ കാറിൽ അതിക്രമിച്ചു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ പ്രധാന പ്രതികൾ പിടിയിലായെങ്കിലും അഴിയാൻ കുരുക്കുകൾ ഏറെ. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടലോ അതോ ആരുടെയെങ്കിലും ക്വട്ടേഷനോ? സംഭവം നടന്ന് ആറുദിവസങ്ങൾ പിന്നിട്ടിട്ടും സംഭവം സംബന്ധിച്ച വ്യക്തമായ ചിത്രം നൽകാൻ പോലീസിനു സാധിച്ചിട്ടില്ല. പോലീസ് അറസ്റ്റു ചെയ്തിട്ടുള്ള പൾസർ സുനി അടക്കമുള്ള ആറു പേരാണു സംഭവത്തിനു പിന്നിലെന്നു പോലീസ് പറയുമ്പോഴും പിടിയിലായവരുടെ പങ്ക് സംബന്ധിച്ച അവ്യക്തത തുടരുന്നു. സുനിയെ ചോദ്യം ചെയ്യുന്നതിൽനിന്നു ലഭിക്കുന്ന കാര്യങ്ങൾ ഇക്കാര്യത്തിൽ വ്യക്തത നൽകുമെന്ന പ്രതീക്ഷയിലാണു പോലീസ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ മാത്രമാണ് ഇതുവരെ പുറംലോകം അറിഞ്ഞിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിനെ പോലീസ് ചോദ്യം ചെയ്തുവെന്ന വാർത്ത അന്വേഷണ സംഘത്തിലെ ഉന്നതൻ കൂടിയായ റൂറൽ എസ്പി എ.വി. ജോർജ് നിഷേധിച്ചിരുന്നു. എവിടെനിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ പരക്കുന്നതെന്ന് അറിയില്ലെന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം വിവരങ്ങൾ പുറത്തുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പോലീസ് ഇതുവരെ ഒന്നും പുറത്തു വിട്ടിട്ടില്ലെന്നു പറയുമ്പോൾ ഇതുവരെ മാധ്യമങ്ങളും പൊതുസമൂഹവും ചർച്ചചെയ്ത കാര്യങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചു സംശയങ്ങൾ കൂടുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതി അമീറുൾ ഇസ്ലാം പിടിയിലാകുന്നതിനു മുമ്പു കേട്ട കഥകളും പോലീസ് പിന്നീട് പുറത്തുവിട്ടതും തമ്മിൽ ഏറെ വൈരുധ്യങ്ങളുണ്ടായിരുന്നു. സമാന വഴിത്തിരിവിലേക്കാണ് ഈ സംഭവവും നീങ്ങുന്നതെന്ന പ്രതീതിയാണു പോലീസിന്റെ മൗനം സൂചിപ്പിക്കുന്നത്. പുറത്തുവന്ന കഥകളിൽനിന്നു വ്യത്യസ്തമായി മറ്റെന്തോ ആണു പോലീസിന്റെ പക്കലുള്ളതെന്നാണു സൂചനകൾ. പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്നു പോലീസ് പറയുമ്പോഴായിരുന്നു കോയമ്പത്തൂരിൽനിന്നു വടിവാൾ സുനിലിനെയും പ്രദീപിനെയും പിടികൂടുന്നത്. ആലുവയിൽനിന്നുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടിച്ചത്. പിന്നീട് കോയമ്പത്തൂരിൽനിന്നു പാലക്കാട്ടേക്കുള്ള യാത്രയിൽ മണികണ്ഠനും പിടിയിലായി. മുഖ്യപ്രതി പൾസർ സുനിക്കും വിജീഷിനുമായി പോലീസ് കോയമ്പത്തൂരിൽ തെരച്ചിൽ നടത്തുന്നു എന്നായിരുന്നു ഇന്നലെ രാവിലെവരെ പുറത്തുവന്ന വിവരങ്ങൾ. എന്നാൽ, ഉച്ചയ്ക്ക് എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാനുള്ള ശ്രമത്തിനിടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ തിരുവനന്തപുരത്തും പെരുമ്പാവൂരിലും മറ്റും കീഴടങ്ങാനുള്ള സാധ്യതകൾ ആരാഞ്ഞിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കൊച്ചി അവരുടെ ആദ്യപരിഗണനയിൽ ഇല്ലായിരുന്നുവെന്നാണ് പറയുന്നത്. മറ്റു സാധ്യതകൾ അടഞ്ഞതോടെയാണു കൊച്ചിതന്നെ തെരഞ്ഞെടുത്തത്. പ്രതികൾക്കായി സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടക്കുന്നു എന്ന തരത്തിൽ വാർത്തകൾ പരക്കുമ്പോഴും ഉന്നത ഉദ്യോഗസ്ഥരടക്കം മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ പ്രതികൾ ഓരോന്നായി പിടിയിലായപ്പോഴും പോലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നുമുണ്ടായില്ല. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ പോലീസ് തയാറായതുമില്ല. അന്വേഷണം നടക്കുന്നു എന്നതിൽ കവിഞ്ഞു മറ്റൊരു കാര്യവും പോലീസ് പുറത്തുവിട്ടിരുന്നില്ല. ഭാവനയുടെ മൊഴിയെന്ന പേരിൽ പുറത്തുവരുന്ന കാര്യങ്ങൾ സംബന്ധിച്ചും പോലീസിന്റെ സ്ഥിരീകരണമുണ്ടായില്ല. എല്ലാ പ്രതികളും പിടിയിലായശേഷം സംഭവത്തിന്റെ കണ്ണികളൊന്നും വിട്ടുപോകാതെ പുറംലോകത്തെ അറിയിക്കാനായിരിക്കണം പോലീസ് കാത്തിരുന്നതെന്നു കരുതുന്നു. മുഖ്യപ്രതി പൾസർ സുനി കൂടി അറസ്റ്റിലായ സ്ഥിതിക്കു സംഭവം സംബന്ധിച്ചുള്ള കൂടുതൽ വ്യക്തമായ ചിത്രം വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണു പ്രതീക്ഷ. ഇന്ന് പോലീസ് ഔദ്യോഗികമായി തന്നെ വിശദീകരണം നടത്തിയേക്കും. തട്ടിക്കൊണ്ടുപോയതിന്റെ നാൾവഴി കൊച്ചി: കേരളത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതാണു ഭാവന തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം. ഏറെ രാഷ്്ട്രീയ കോളിളക്കങ്ങളും അതുണ്ടാക്കി. പ്രധാന പ്രതിയായ പൾസർ സുനിയെ പിടികൂടാനാവാത്തത് പോലീസ് സേനയ്ക്ക് വലിയ നാണക്കേടുമുണ്ടാക്കിയിരുന്നു. ഇതിന് പരിസമാപ്തി കുറിച്ചാണ് പൾസർ സുനിയും സഹായി വിജേഷും ഇന്നലെ എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ പിടിയിലായത്. സംഭവത്തിന്റെ നാൾവഴിയിലൂടെ. ഫെബ്രുവരി 17 തൃശൂരിൽനിന്നു രാത്രി മഹീന്ദ്ര എക്സ്യുവി കാറിൽ ഭാവന എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നു. ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ. =രാത്രി എട്ടരയോടെ നടിയുടെ കാർ കൊച്ചി അത്താണിയിൽ എത്തിയപ്പോൾ ഒരു ടെമ്പോ ട്രാവലർ കാറിനു പിന്നിലിടിക്കുന്നു. തർക്കത്തിനിടയിൽ പൾസർ സുനിയും മണികണ്ഠനും കാറിലേക്ക് അതിക്രമിച്ചു കയറുന്നു. കാറിൽ വച്ച് നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു. പ്രതികൾ കാറിൽ ഭാവന നഗരത്തിലൂടെ ചുറ്റി സഞ്ചരിച്ചശേഷം അർധരാത്രിയോടെ കാക്കനാടിനു സമീപം പടമുകളിൽ കാർ ഉപേക്ഷിച്ചു രക്ഷപെടുന്നു. നടി ഡ്രൈവർ മാർട്ടിനൊപ്പം വാഴക്കാലയിലുള്ള സംവിധായകന്റെ വീട്ടിൽ അഭയം തേടി. എറണാകുളം റേഞ്ച് ഐജി പി. വിജയൻ സ്ഥലത്തെത്തി നടിയിൽനിന്നു വിവരങ്ങൾ മനസിലാക്കി. ഡ്രൈവർ മാർട്ടിന്റെ മൊഴിയിൽ സംശയം തോന്നിയതിനെത്തുടർന്ന് അയാളെ ചോദ്യംചെയ്യുന്നു. മാർട്ടിൻ കുറ്റസമ്മതം നടത്തുന്നു. ഫെബ്രുവരി 18 ഭാവന കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പ്രതികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ പോലീസ് കസ്റ്റഡിയിൽ എടുത്തു. നടി കളമശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തി രഹസ്യമൊഴി നൽകി. കേസിൽ സുനിയെ സഹായിച്ച വ്യക്തി അടക്കം ഏഴു പ്രതികളാണുള്ളതെന്നു പോലീസിന്റെ നിരീക്ഷണം. നടിയുടെ മൊഴിയിൽ പ്രതികൾക്കെതിരേ കേസെടുത്തു. കേസന്വേഷണത്തിനു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഫെബ്രുവരി 19 കോയമ്പത്തൂരിലെ ഒളിസങ്കേതത്തിൽനിന്ന് അക്രമിസംഘത്തിലുണ്ടായിരുന്ന വടിവാൾ സലീം, പ്രദീപ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി വിളിച്ചിട്ടാണു തങ്ങൾ വന്നതെന്നു സലീമും പ്രദീപും മൊഴി നൽകി. ആറുപേർക്കു മാത്രമേ കേസിൽ നേരിട്ട് ബന്ധമുള്ളുവെന്നു പോലീസ് സ്ഥിരീകരണം. സംഭവത്തിന്റെ ആസൂത്രകനായ പൾസർ സുനി, മണികണ്ഠൻ, വിജീഷ് എന്നിവർക്കായി തെരച്ചിൽ നോട്ടീസ് ഇറക്കി. ഡ്രൈവർ മാർട്ടിനെ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ആലുവാ ഗസ്റ്റ് ഹൗസിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം. ഫെബ്രുവരി 20 കേസിലെ മുഖ്യപ്രതിയായ പൾസർ സുനി, വി.പി. വിജിഷ്, മണികണ്ഠൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രധാന പ്രതി പൾസർ സുനിയെ രക്ഷപ്പെടുത്താൻ സഹായിച്ച അന്പലപ്പുഴ കാക്കാഴം സ്വദേശി അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു സുനി ഫോണിൽ ബന്ധപ്പെട്ടവരടക്കം 48 പേരിൽനിന്നു മൊഴിയെടുത്തു. സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെയും ചോദ്യം ചെയ്തു. വടിവാൾ സലീം, പ്രദീപ് എന്നിവരെ രാത്രിയോടെ മജിസ്ട്രേറ്റ് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളായ മണികണ്ഠനെ രാത്രി പാലക്കാട്ടുനിന്നു പിടികൂടി. ഭാവന അഭയം തേടിയെത്തിയ സംവിധായകനും നടനുമായ ലാലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫെബ്രുവരി 21 പൾസർ സുനിയുടെ ഫോണ് വിശദാംശങ്ങൾ പരിശോധിച്ചു. പൾസർ സുനിയുടെ സഹോദരിയേയും ഭർത്താവിനേയും ആലുവ എസ്പി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ സമ്പൂർണ യോഗം ചേർന്നു. തുടർ നടപടികൾ സംബന്ധിച്ച രൂപരേഖ തയാറാക്കി. കേസിൽ ഒളിവിൽ കഴിയുന്ന വിജീഷ് അങ്കമാലിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ വ്യാപകതെരച്ചിൽ. നടി സഞ്ചരിച്ചിരുന്ന കാർ ഫോറൻസിക് വിഭാഗം പരിശോധിച്ചു. ഫെബ്രുവരി 22 പ്രതിയായ മണികണ്ഠനെ സംഭവസ്ഥലങ്ങളിലൂടെ കൊണ്ടുപോയി തെളിവെടുത്തു. പ്രധാനപ്രതി പൾസർ സുനിക്കും സഹായി വിജീഷിനും വേണ്ടി കോയമ്പത്തൂരിൽ അന്വേഷണം. മണികണ്ഠനെ ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ സംഭവദിവസം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. മാർട്ടിനെ പരിചയപ്പെടുത്തിയതു പൾസർ സുനിയെന്നു പ്രൊഡക്ഷൻ കണ്ട്രോളർ മനോജ് കാരന്തൂരിന്റെ മൊഴി. ഫെബ്രുവരി 23 രാവിലെ മുതൽ പ്രതികളുടെ അഭിഭാഷകന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുന്നു. ഒരുമണിയോടെ എറണാകുളത്തപ്പൻ ഗ്രൗണ്ടിനു പിന്നിൽ സുനിയും വിജീഷും പൾസർ ബൈക്കിൽ എത്തി. 1.20ന് പ്രതികൾ സിജെഎം കോടതി മുറിയിൽ. 1.30ന് കോടതിമുറിയിൽനിന്നു പ്രതികളെ പോലീസ് ബലമായി പുറത്തെത്തിച്ചു. സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ രണ്ടോടെ ആലുവ പോലീസ് ക്ലബിൽ എത്തിച്ചു.