ഇന്ന് മുതൽ എല്ലാ വിവാദങ്ങളും നിയമസഭയിൽ
- 23/02/2017

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനംഇന്ന് ആരംഭിക്കുമ്പോൾ ഭരണ- പ്രതിപക്ഷ കക്ഷികൾക്കു കൊമ്പു കോർക്കാൻ വിഷയങ്ങളേറെ. ഭരണരംഗത്തെ വീഴ്ചകളും അടിക്കടി ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങളും ഭരണമുന്നണിക്കുള്ളിലെ തർക്കങ്ങളുമെല്ലാം സർക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങിയിരിക്കുകയാണു പ്രതിപക്ഷം. വിഷയവൈവിധ്യം കൊണ്ടു സമ്പന്നമായ പ്രതിപക്ഷം നിയമസഭയെ പ്രക്ഷുബ്ധമാക്കുമെന്നതിൽ സംശയമില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന്. മാർച്ച് മൂന്നിന് ബജറ്റ് അവതരണവും. മാർച്ച് 16 വരെ നീളുന്ന സമ്മേളനത്തിൽ 15 ദിവസം സഭ സമ്മേളിക്കുന്നുണ്ട്. സ്വാശ്രയപ്രശ്നത്തിന്റെ പേരിൽ കഴിഞ്ഞ സഭാസമ്മേളനം കലുഷിതമായിരുന്നു. പ്രതിപക്ഷ എംഎൽഎമാരുടെ നിരാഹാരസമരത്തിനു വരെ അന്നു നിയമസഭ സാക്ഷ്യം വഹിച്ചു. പിന്നീട് നോട്ട് നിരോധനത്തിൽ മുങ്ങിപ്പോയ സംസ്ഥാന വിഷയങ്ങൾ ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നു. പ്രതിപക്ഷത്തെ അലോഹ്യങ്ങൾ കുറെയൊക്കെ അവസാനിക്കുകയും ചെയ്തു. പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ നടുക്കത്തിലാണു കേരളം. ക്രമസമാധാന തകർച്ചയുടെയും ഗുണ്ടാ മാഫിയ പ്രവർത്തനങ്ങൾ സജീവമായതിന്റെയും അവസാനത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണ്ടാ ആക്രമണങ്ങളും സദാചാര പോലീസ് ചമഞ്ഞുള്ള ആക്രമണങ്ങളും ദിനംപ്രതിയെന്നോണം നടന്നുവരികയാണ്. സംസ്ഥാനത്ത് ക്രമസമാധാനം പാടേ തകർന്നിരിക്കുന്നു എന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തും. സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് ഉപവാസ സത്യഗ്രഹം നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിലേക്കെത്തുന്നത്. കണ്ണൂരിൽ തുടക്കമിട്ട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനുള്ള ആയുധമാക്കും. മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിൽ നടന്നുവരുന്ന പരസ്യവാക്പോര് പ്രതിപക്ഷത്തിന് ആയുധമാക്കാം. നിലമ്പൂരിലെ മാവോ വേട്ടയിൽ തുടങ്ങി വിവരാവകാശ പ്രശ്നത്തിലും ലോ അക്കാദമി സമരത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ടാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇതിന്റെ പേരിൽ ഇരുപാർട്ടികൾക്കുമിടയിലുണ്ടായ അകൽച്ച ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. നിയമസഭയിൽ ഇരുകക്ഷികളും പരസ്യമായ വാദ പ്രതിവാദത്തിനു മുതിർന്നേക്കില്ലെങ്കിലും പ്രതിപക്ഷത്തിന് ആവോളം ആയുധങ്ങൾ ഇതിനകം തന്നെ ഇരുകൂട്ടരും നൽകിക്കഴിഞ്ഞു. ഐഎഎസ്- ഐപിഎസ് തർക്കങ്ങളും ഐഎഎസുകാരുടെ മെല്ലെപ്പോക്കും ഭരണത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കെഎഎസിന്റെ പേരിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ കൂടി ഇടഞ്ഞതോടെ ഭരണം സ്തംഭിച്ച സ്ഥിതിയാണുള്ളത്. ചോദ്യോത്തരങ്ങൾക്കുള്ള ഉത്തരം പോലും ലഭിക്കാത്ത സാഹചര്യത്തിൽ ഇവരുടെ മെല്ലെപ്പോക്ക് സമരം നിയമസഭയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു എന്നു പറയാം. വരൾച്ച നേരിടുന്നതിലും വിലക്കയറ്റം തടയുന്നതിലും സർക്കാർ പരാജയപ്പെട്ടു എന്ന വിമർശനം ഇതിനകം തന്നെ പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. റേഷൻ പ്രതിസന്ധിയും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. വിജിലൻസിനെതിരെ സമീപ ദിവസങ്ങളിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങളും പ്രതിപക്ഷത്തിന് ആയുധമാകും. യുഡിഎഫ് വിട്ട കേരള കോൺഗ്രസും സർക്കാരിനെതിരെ നിലപാടെടുക്കുന്ന സ്ഥിതിയാണുള്ളത്. കാരുണ്യ പദ്ധതിയുടെ പേരിൽ സർക്കാരിനെതിരെ സമരത്തിനിറങ്ങുമെന്നു പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫ് സർക്കാരിന്റെ അവസാനനാളുകളിലെടുത്ത വിവാദ തീരുമാനങ്ങൾ പരിശോധിക്കാനുള്ള ഉപസമിതി റിപ്പോർട്ട് ആണ് പ്രതിപക്ഷത്തിനെതിരെയുള്ള സർക്കാരിന്റെ പ്രധാന ആയുധം. എന്നാൽ, റിപ്പോർട്ട് തയാറായിട്ടു നാളുകളായെങ്കിലും ഇതുവരെ മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനത്തിലേക്കു കടന്നിട്ടില്ല. ടൈറ്റാനിയം കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിയാക്കിയ സംഭവവും ഭരണപക്ഷത്തിന് ആയുധമാണ്. വിവാദ വിഷയങ്ങളിലെല്ലാം മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ മറുപടി പറയേണ്ടി വരും. ഒമ്പതു മാസം മാത്രം പ്രായമായ ഒരു സർക്കാരിനു സാധാരണ ഗതിയിൽ നേരിടേണ്ടി വരുന്നതിലും അധികം ആക്ഷേപങ്ങളുമായി നിയമസഭയെ അഭിമുഖീകരിക്കുമ്പോൾ ഭരണപക്ഷത്തിനു സ്വന്തം ഭാഗം പ്രതിരോധിക്കാൻ വിയർക്കേണ്ടി വരും.