സിപിഎം -സിപിഐ തർക്കത്തിനിടെ നിയമസഭാ സമ്മേളനം ഈ ആഴ്ച
- 20/02/2017

സിപിഎം -സിപിഐ തർക്കത്തിനിടെ നിയമസഭാ സമ്മേളനം ഈ ആഴ്ച തിരുവനന്തപുരം: സിപിഎമ്മും സിപിഐയും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടയിൽ നിയമസഭാ സമ്മേളനം ഈ ആഴ്ച തുടങ്ങും. സ്ത്രീ പീഡനവും ഗുണ്ടാ ആക്രമണവും ക്രമസമാധാന പ്രശ്നവുമൊക്കെ സംസ്ഥാനത്തു സജീവ ചർച്ചയായ വേളയിൽ 23ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ഭരണ പക്ഷത്തിനു കനത്ത വെല്ലുവിളിയായേക്കും. ഇതോടൊപ്പം വിലക്കയറ്റവും റേഷൻ പ്രതിസന്ധിയും സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികളുമൊക്കെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ സജീവ ചർച്ചയാകും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണു വ്യാഴാഴ്ച രാവിലെ ഒൻപതിനു നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. 24ന് അവധിയാണ്. 27, 28, മാർച്ച് ഒന്ന് തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. മാർച്ചു മൂന്നിനാണു ബജറ്റ്. നേരത്തെ രണ്ടു ഘട്ടമായി ഒന്നര മാസത്തോളം നിയമസഭാ സമ്മേളനം ചേരാനിരുന്നെങ്കിലും പിന്നീടതു മാർച്ച് 16 വരെയാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. അടുത്ത ഘട്ടം ഏപ്രിലിൽ ചേരാനാണു സർക്കാർ ആലോചിക്കുന്നത്. എന്നാൽ, ആദ്യഘട്ട നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമായാൽ അടുത്ത ഘട്ടം ഏപ്രിലിൽ വിളിച്ചു ചേർക്കുന്നതിനു സർക്കാരിനു താത്പര്യമില്ലെന്നാണു സൂചന. സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിലെത്തിയ ഇടതുസർക്കാരിന്റെ കാലത്തു സുരക്ഷിതമെന്നു കരുതുന്ന കാർയാത്ര പോലും അപകടകരമായി മാറുന്നുവെന്ന വിമർശനമാണു നടിക്കു നേരേയുണ്ടായ പീഡനവുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ളത്. കൂടാതെ രാഷ്ട്രീയ സംഘർഷങ്ങൾ മുൻ വർഷത്തേക്കാളും രൂക്ഷമായെന്ന ആക്ഷേപവുമുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് നിരാഹാരമനുഷ്ഠിച്ചതും ഇത്തരം വിഷയങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ സൂചനയാണ്. ലോ അക്കാഡമി സമരത്തിലും വിവരാവകാശ നിയമത്തിലും മാവോയിസ്റ്റ് വേട്ടയിലുമടക്കം സർക്കാർ സമീപനത്തെ കടന്നാക്രമിച്ചു രംഗത്തെത്തിയ സിപിഐ, പിണറായി വിജയൻ സർക്കാരിനെ പ്രതിരോധത്തിലാക്കിയതും പ്രതിപക്ഷത്തിന് ആയുധമാകും. റേഷൻ വിതരണത്തിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും പ്രതിപക്ഷം ഉപയോഗിക്കും.