എംഎൽഎയ്ക്കെതിരേ ജാതിപരാമർശം;സിപിഐ നേതാവിനുസസ്പെൻഷൻ
- 19/02/2017
.jpg)
എംഎൽഎയ്ക്കെതിരേ ജാതിപരാമർശം; സിപിഐ നേതാവിനു സസ്പെൻഷൻ പത്തനംതിട്ട: ചിറ്റയം ഗോപകുമാർ എംഎൽഎയെ ജാതിപറഞ്ഞാക്ഷേപിച്ചുവെന്ന പേരിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. സ്വകാര്യ സംഭാഷണത്തിനിടെയാണു മനോജ് ചരളേൽ എംഎൽഎയെ അധിക്ഷേപിച്ചത്. ഇതു സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപക ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തിൽ ഇന്നലെ കൂടിയ സിപിഐ ജില്ലാ എക്സിക്യൂട്ടീവും കൗണ്‍സിലുമാണു മനോജിനെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചത്. പ്രതിശ്രുത വധുവുമായി മനോജ് ചരളേൽ നടത്തിയ ഫോണ്‍ സംഭാഷണമാണു സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിൽ സിപിഐ നേതാവുകൂടിയായ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതായ പരാമർശമുണ്ടായിരുന്നതിന്റെ പേരിൽ പാർട്ടി കഴിഞ്ഞദിവസം മനോജിനോടു വിശദീകരണം ആരാഞ്ഞിരുന്നു. മനോജ് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ്, ജില്ലാ കൗണ്‍സിൽ സ്ഥാനങ്ങളിൽ നിന്നെല്ലാം ഒഴിവാക്കാനും പാർട്ടി അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചതെന്നു ജില്ലാ സെക്രട്ടറി എ.പി. ജയൻ അറിയിച്ചു. പരാമർശം തികച്ചും തെറ്റാണെന്നു പാർട്ടി വിലയിരുത്തിയതായും ജയൻ പറഞ്ഞു.സ്വകാര്യ സംഭാഷണത്തിൽ പോലും കമ്യൂണിസ്റ്റുകാർ ജാതിപരമായി ഒരു വ്യക്തിയെയും അധിക്ഷേപിക്കാൻ പാടില്ലെന്നതാണു പാർട്ടി നിലപാട്. ദളിതരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനു നിലകൊള്ളുകയും നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന സിപിഐയുടെ ജില്ലാ നേതാവെന്ന നിലയിൽ മനോജ് നടത്തിയ പരാമർശം ദളിത് സമൂഹത്തിനുണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നതായും ജയൻ പറഞ്ഞു.